ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും എന്‍സിപിയും ധാരണയിലെത്തിയതായി സൂചന. സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കുമെന്നാണ് ഇരുപാര്‍ട്ടികളിലെയും ഉന്നത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ഇരുകൂട്ടരും ധാരണയിലെത്തിയതായാണ് വിവരം.
ആഭ്യന്തരവകുപ്പ് എന്‍സിപിയില്‍ നിന്ന് വിട്ടുകിട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതോടെയാണ് നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി എന്‍സിപി കോണ്‍ഗ്രസ് നേതാക്കള്‍ നീക്കുപോക്കിനായി ചര്‍ച്ചകള്‍ തുടരുകയായിരുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മന്ത്രിസഭ നിലവില്‍ വന്നില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് പ്രതിപക്ഷകക്ഷിയായ ശിവസേന കഴിഞ്ഞ ദിവസം ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ഇരുപാര്‍ട്ടികളും ധൃതിയില്‍ പ്രശ്നപരിഹാരത്തിന് തുനിഞ്ഞത്. എന്‍സിപിക്കും കോണ്‍ഗ്രസിനും തുല്യമായി മന്ത്രിസ്ഥാനം ലഭിക്കുന്ന തരത്തിലാണ് ഒത്തുതീര്‍പ്പു ഫോര്‍മുലയെന്നാണ് വിവരം. അശോക് ചവാന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി. എന്‍സിപി നേതാവ് ചഗന്‍ ഭുജ്ബാല്‍ ആയിരിക്കും ഉപമുഖ്യമന്ത്രി.
എന്നാല്‍ പ്രശ്നം പരിഹരിച്ച വിവരം ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് സഖ്യം ഇന്ന് ഗവര്‍ണ്ണര്‍ എസ് സി ജാമിറിന് കത്ത് നല്‍കുമെന്നാണ് വിവരം. 288 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 82 ഉം എന്‍സിപിക്ക് 62 ഉം സീറ്റുകളാണ് ഉള്ളത്.