രാജ്യത്ത് ഭീകരാക്രമണം നടത്തിയവരെ രക്ഷപെടാന്‍ ഇന്ത്യ ആവര്‍ത്തിച്ച് അനുവദിച്ചു എന്ന് കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍. എന്നാല്‍, ഇനിയൊരു 26/11 ആവര്‍ത്തിക്കാന്‍ ഇന്ത്യ അനുവദിക്കില്ല എന്നും കരസേനാ മേധാവി പറഞ്ഞു.
യു എസ് 9/11 ആവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. ബാലി ബോംബാക്രമണം പോലെ രണ്ടാമതൊരു ആക്രമണം നടത്താന്‍ ഇന്തോനേഷ്യയും അനുവദിച്ചില്ല. എന്നാല്‍, 2001 പാര്‍ലമെന്റ് ആക്രമണത്തിനും ഡല്‍ഹി സ്ഫോടനത്തിനും മുംബൈ ഭീകരാക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രക്ഷപെടാന്‍ ഇന്ത്യ അനുവദിച്ചു, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു കപൂര്‍.
രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പങ്കുവയ്ക്കുന്നതിനുമായി കൂടുതല്‍ മെച്ചപ്പെട്ട ഒരു കേന്ദ്രീകൃത ശൃംഖല ആവശ്യമാണ്. രഹസ്യാന്വേഷണ വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കാനും അതുവഴി ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ തൊട്ടടുത്തുള്ള സുരക്ഷാ ഏജന്‍സിക്ക് വേഗത്തില്‍ ഇടപെടല്‍ നടത്താനും വിവരങ്ങളുടെ വേഗതയേറിയ ഒഴുക്ക് ആവശ്യമാണ്, കപൂര്‍ പറഞ്ഞു.
സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് വേഗത്തിലുള്ള നടപടികള്‍ക്കായി പുതിയ കേന്ദ്രങ്ങള്‍ തുറക്കുമെന്നും സുരക്ഷാ ഏജന്‍സികളും രഹസ്യാന്വേഷണ ഏജന്‍സികളുമായുള്ള ഏകോപനം വര്‍ദ്ധിപ്പിക്കുമെന്നും സെമിനാറില്‍ പങ്കെടുത്ത പ്രതിരോധ സഹമന്ത്രി പല്ലം രാജു പറഞ്ഞു.