ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും കോണ്‍ഗ്രസ് എം പിയുമായ മുഹമ്മദ് അസ്‌ഹറുസ്ദ്ദീന്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി ആര്‍ പി എന്‍ സിംഗ് എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് കേസ്.
ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മൊറാദബാദ് എം പിയായ അസ്‌ഹറും കേന്ദ്ര മന്ത്രി സിംഗും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കുശിനഗറില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച പൊതു പരിപാടികളില്‍ പ്രസംഗിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇരുവരും ക്രിക്കറ്റ് കളിയിലും പങ്കെടുത്തു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ചൊവ്വാഴ്ച വൈകിട്ടാണ് ഭരണഘടനയുടെ 188 ആം വകുപ്പ് അനുസരിച്ച് കേസ് ചാര്‍ജ്ജ് ചെയ്തത് എന്നും പൊലീസ് ഇന്‍സ്പെക്ടര്‍ വി എസ് ചൌഹാന്‍ വെളിപ്പെടുത്തി.
സിംഗ് എം എല്‍ എ ആയിരുന്ന പദ്രൌണ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മോഹിനീ ദേവിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമാണ് ഇരുവരും കുശിനഗറില്‍ എത്തിയത്. ഇവിടുത്തെ തന്നെ കുശിനഗര്‍ ലോക്സഭാ സീറ്റില്‍ സിംഗ് ജയിച്ചതുകൊണ്ടാണ് പദ്രൌണയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 11 നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ ഏഴിനാണ് നടക്കുന്നത്.