പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ലഷ്കര്‍ ഡിഫന്‍സ് കോളജ് ലക്‍ഷ്യമിട്ടിരുന്നു: എഫ്ബിഐ (LeT was targeting National Defence College in Delhi: FBI)
ലഷ്കര്‍ ഡിഫന്‍സ് കോളജ് ലക്‍ഷ്യമിട്ടിരുന്നു: എഫ്ബിഐ
വാഷിംഗ്ടണ്‍, ബുധന്‍, 4 നവംബര്‍ 2009( 10:18 IST )
PRO
ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ ന്യൂഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളജ് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി യു എസ് അന്വേഷണ ഏജസിയായ എഫ്ബിഐ. യു എസില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹീഡ്‌ലി, തഹാവ്വുര്‍ ഹുസൈന്‍ റാണ എന്നീ ലഷ്കര്‍ പ്രവര്‍ത്തകര്‍ ഒരു ഡാനിഷ് ദിനപ്പത്രത്തിന്റെ ഓഫീസും ഡല്‍ഹിയിലെ ഡിഫന്‍സ് കോളജും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്ന് ഫെഡറല്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.
റാണയ്ക്ക് ജാമ്യം ലഭിച്ചാല്‍ അയാള്‍ രാജ്യം വിടുമെന്നും സമൂഹത്തിന് അപകടമാണെന്നും അഭിഭാഷകന്‍ വാദിച്ചു. പാകിസ്ഥാന്‍ വംശജനായ റാണെയെയും അയാളുടെ കൂട്ടുകാരനും അമേരിക്കന്‍ പൌരനുമായ ഹീഡ്‌ലിയെയും ഡന്‍മാര്‍ക്കിലും ഇന്ത്യയിലും ആക്രമണ പദ്ധതികള്‍ നടപ്പാക്കാന്‍ ഗൂഡാലോചന നടത്തിയ കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനാണ് ഇവര്‍ ഒരു ഡാനിഷ് ദിനപ്പത്രത്തിന്റെ ഓഫീസ് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നത്.
റാണയും ഹീഡ്‌ലിയും തമ്മില്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ഡന്‍മാര്‍ക്കിലും ഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളജിലും ആക്രമണം നടത്തുന്നതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നത്. എഫ്‌ബിഐ റിക്കോഡ് ചെയ്ത സംഭാഷണം സെപ്തംബര്‍ 7 ന് നടന്നതാണ്. സംഭാഷണത്തില്‍ ഡിഫന്‍സ് കോളജ് ആക്രമണത്തിനാണ് ഭീകരര്‍ പ്രാധാന്യം നല്‍കിയത് എന്നും എഫ്ബിഐ പറയുന്നു.
കുറ്റം തെളിയിക്കപ്പെട്ടാല്‍ റാണയ്ക്ക് 30 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഹീഡ്‌ലിയുടെ ജാമ്യാപേക്ഷയിലുള്ള വാദം കേള്‍ക്കുന്നത് ഡിസംബറില്‍ ആയിരിക്കും.