രണ്ടായിരത്തിപ്പത്തോടെ കുട്ടികളില്‍ പ്രമേഹം ഉണ്ടാകുന്നതില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നും തെക്കുകിഴക്കന്‍ ഏഷ്യല്‍ മാത്രം 1.2 ലക്ഷത്തിലധികം ടൈപ്പ് 1 ഡയബറ്റിസ് ഉള്ള കുട്ടികള്‍ ഉണ്ടാകുമെന്നും അന്തര്‍ദെശീയ ഡയബറ്റിസ് ഫെഡറേഷന്റെ (ഐഡിഎഫ്) പ്രസിഡന്റ് ജീബ് ക്ലോഡ് മ്പാന്യ മുന്നറിയിപ്പ് നല്‍കി. പ്രമേഹവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതില്‍ മികവ് പുലര്‍ത്തുന്നതിനാല്‍ ഡോക്‌ടര്‍ മോഹന്‍സ് ഡയബറ്റിസ് സെന്ററിനെയും മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൌണ്ടേഷനെയും അംഗീകൃത ഐഡിഎഫ് സെന്ററുകളായി പ്രഖ്യാപിക്കാന്‍ ചെന്നൈയില്‍ എത്തിയതായിരുന്നു ഐഡിഎഫ് പ്രസിഡന്റ്.
“നമ്മുടെ കുട്ടികള്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണവും ശീതളപാനീയങ്ങളും കുടിക്കുന്നവരാണ്. സ്കൂള്‍ വിട്ടുവന്നാല്‍ ഇവര്‍ കമ്പ്യൂട്ടറിന് മുന്നിലാണ് ഇരിപ്പ്. ഇതൊക്കെ കുട്ടികളില്‍ പ്രമേഹമുണ്ടാക്കും. ഇപ്പോള്‍ ടൈപ്പ് 2 ഡയബറ്റിസ് ഉള്ള കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഭാവിയില്‍ വികസ്വരരാജ്യങ്ങളില്‍ അഞ്ചില്‍ നാലുപേര്‍ക്ക് പ്രമേഹം ഉണ്ടെന്ന നിലവരും. പ്രമേഹരോഗികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകാന്‍ പോകുന്നത് ഇന്ത്യയിലും ചൈനയിലുമാണ്. ഘാറ്റ, ടോംഗ, മൌറീഷ്യസ് എന്നീ രാജ്യങ്ങളും പിന്നാലെ തന്നെയുണ്ട്.”
“കുട്ടികള്‍ക്ക് പ്രമേഹത്തെ പറ്റി അവബോധം ഉണ്ടാക്കുന്നതും പ്രമേഹചികിത്സക്കായി കൂടുതല്‍ പണം ചെലവിടുന്നതും വളരെ പ്രധാനമാണ്. കാരണം ടൈപ്പ് 1, ടൈപ്പ് 2 ഡയബറ്റിസ് ഉള്ള കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രമേഹത്തെ തടയാനായി ലോകം ചെലവഴിക്കുന്ന മൊത്തം തുകയുടെ ഒരു ശതമാനത്തിലും കുറവാണ് ഇന്ത്യ ചെലവിടുന്നത്. എന്നാല്‍ പ്രമേഹ രോഗികളുടെ കാര്യത്തില്‍ ഇന്ത്യ മുന്‍നിരയില്‍ തന്നെയുണ്ട്. സത്യത്തില്‍, ഇന്ത്യയിലെ പ്രമേഹ രോഗികള്‍ക്ക് ശരിയായ പരിചരണം ലഭിക്കുന്നില്ല.”
“രണ്ടായിരത്തിപ്പത്തോടെ പ്രമേഹത്തിനെതിരെ ചെലവിടുന്ന തുക 376 മില്യണ്‍ ഡോളറാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിലെ അമ്പത് ശതമാനം തുകയും അമേരിക്കയില്‍ തന്നെ ചെലവഴിക്കപ്പെടും. വെറും മൂന്ന് ശതമാനം മാത്രമാണ് ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ചെലവഴിക്കപ്പെടുക. എയിഡ്സ് പ്രതിരോധത്തിനായി വികസ്വര രാജ്യങ്ങള്‍ വളരെയധികം തുക ചെലവിടുന്നുണ്ട്. എന്നാല്‍ ഒരു വര്‍ഷം 40 ലക്ഷത്തോളം ആളുകളെ കൊല്ലുന്ന പ്രമേഹത്തിനെതിരെ രാജ്യങ്ങള്‍ ചെലവിടുന്നത് തുച്ഛമായ തുകയാണ്” - ജീബ് ക്ലോഡ് പറഞ്ഞു.
ഡോക്‌ടര്‍ മോഹന്‍സ് ഡയബറ്റിസ് സെന്ററും മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൌണ്ടേഷനും പ്രമേഹത്തിനെതിരെ ആളുകളെ ബോധവല്‍ക്കരണം നടത്താനും മികച്ച പ്രമേഹ വിദ്യാഭ്യാസം നല്‍കാനും പ്രതിജ്ഞാബദ്ധമായ സ്ഥാപനങ്ങളാണ്. ലോകത്തില്‍ ആകെ ആറ് കേന്ദ്രങ്ങളെ മാത്രമാണ് പ്രമേഹ വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തുന്ന കേന്ദ്രങ്ങളായി ഐഡിഎഫ് അംഗീകരിച്ചിരിക്കുന്നത്. ഇവയില്‍ ഡോക്‌ടര്‍ മോഹന്‍സ് ഡയബറ്റിസ് സെന്ററും മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൌണ്ടേഷനും ഉള്‍പ്പെടുന്നു.