മഹാരാഷ്ട്രയില്‍ എന്‍സിപിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി രൂക്ഷമായ അഭിപ്രായ ഭിന്നത. സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസിനെ പുറത്തു നിന്ന് പിന്തുണയ്ക്കാമെന്ന് ഛഗന്‍ ഭുജ്ബല്‍ പറഞ്ഞത് പാര്‍ട്ടി തീരുമാനമല്ല എന്ന് കേന്ദ്ര മന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞതോടെയാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വന്നത്.
മഹാരാഷ്ട്രയില്‍ എന്‍സിപി സര്‍ക്കാരിന്റെ ഭാഗമായിരിക്കും. സര്‍ക്കാര്‍ രൂപീകരണത്തിനു പുറത്തു നിന്നുള്ള പിന്തുണയേ നല്‍കൂ എന്ന ഭുജബലിന്റെ അഭിപ്രായം പാര്‍ട്ടിയുടേതല്ല. പാര്‍ട്ടി സര്‍ക്കാരിന്റെ ഭാഗമായിരിക്കുമെന്നതില്‍ സംശയിക്കേണ്ട കാര്യമില്ല എന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നാണ് കഴിഞ്ഞ ഒരു ദശകമായി സംസ്ഥാനം ഭരിക്കുന്നതെന്നും അത് തുടരാന്‍ വേണ്ടിയാണ് ജനങ്ങള്‍ വോട്ട് ചെയ്തത് എന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നും അതിനായി എന്‍സിപി പുറത്തു നിന്നുള്ള പിന്തുണ നല്‍കുമെന്നും ആയിരുന്നു ഛഗന്‍ ഭുജ്ബല്‍ പറഞ്ഞത്. വകുപ്പ് വിഭജനം കഴിയുമ്പോള്‍ മാത്രമേ എന്‍സിപി മന്ത്രി സഭയില്‍ ചേരുകയുള്ളൂ എന്നും ഭുജ്ബല്‍ പറഞ്ഞിരുന്നു.