പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു നല്‍കിയ ശക്തമായ സുരക്ഷ കാവല്‍ കാരണം തക്കസമയത്ത് ചികിത്സ ലഭിക്കാതെ ഒരു ജീവന്‍ പൊലിയാന്‍ കാരണമായെന്ന് ആരോപണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കാരണം ചണ്ഡീഗഡിലെ ഒരു ആശുപത്രിയില്‍ തക്കസമയത്ത് പ്രവേശിപ്പിക്കാന്‍ കഴിയാതെ സുമിത് പ്രകാശ് വര്‍മ്മ (32) എന്നയാള്‍ മരിച്ചു എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സുമിതിനെ പോസ്റ്റ്ഗ്രാഡ്വേറ്റ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ആശുപത്രി ഗേറ്റില്‍ പലയിടത്തും തടഞ്ഞിട്ടത് കാരണം അയാള്‍ക്ക് തക്ക സമയത്ത് വൈദ്യസഹായം ലഭ്യമാക്കാന്‍ സാധിച്ചില്ല എന്നും മരണപ്പെട്ടു എന്നുമാണ് പരാതി. ഇതെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടിട്ടുണ്ട്.
45 കിലോമീറ്റര്‍ അകലെ അംബാലയില്‍ നിന്നാണ് സുമിതിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആശുപത്രി പരിസരത്ത് എത്തിയപ്പോഴേക്കും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം അകത്തേക്ക് പ്രവേശിക്കുന്ന സമയമായിരുന്നു. സുമിതുമായി വന്ന വാഹനം പ്രധാന ഗേറ്റിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ മറ്റൊരു ഗേറ്റിലേക്ക് പോകാന്‍ പറഞ്ഞു. അവിടെയെത്തിയപ്പോള്‍ മൂന്നാമതൊരു ഗേറ്റിലേക്ക് പോകാനും നിര്‍ദ്ദേശമുണ്ടായി. മൂന്നാം ഗേറ്റില്‍ ചെന്നപ്പോള്‍ ആദ്യ ഗേറ്റിലേക്ക് തന്നെ തിരിച്ചു വിടുകയായിരുന്നു എന്ന് മരിച്ച സുമിതിന്റെ ബന്ധുക്കള്‍ പരാതിപ്പെടുന്നു.
കടുത്ത വൃക്കരോഗം ബാധിച്ചിരുന്ന സുമിതിന് തക്കസമയത്ത് ചികിത്സ ലഭിച്ചിരുന്നു എങ്കില്‍ ജീവന്‍ നഷ്ടമാകില്ലായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. ഇന്‍സ്റ്റിറ്റൂട്ടിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി.