മഹാരാഷ്ട്രാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരായാലും മറാത്തിയില്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാന്‍ പാടുള്ളുവെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ മുന്നറിയിപ്പ് നല്‍കി. ആരെങ്കിലും ഹിന്ദിയിലോ ഇംഗ്ലീഷിലോ സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുമ്പെട്ടാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും രാജ് താക്കറെ ഭീഷണി മുഴക്കി.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജ് താക്കറേയുടെ ‘മണ്ണിന്റെ മക്കള്‍’ വാദത്തിന് അഭൂതപൂര്‍വമായ വരവേല്‍പാണ് ലഭിച്ചത്. തുടര്‍ന്നും ‘മണ്ണിന്റെ മക്കള്‍’ വാദം മുതലാക്കാന്‍ തന്നെയാണ് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുടെയും രാജ് താക്കറെയുടെയും തീരുമാനം. മറാത്തിയില്‍ സത്യപ്രതിജ്ഞ നടത്താന്‍ തയ്യാറാകാത്തവര്‍ തന്റെ പാര്‍ട്ടിപ്രവര്‍ത്തകരുടെ കോപത്തിന് ഇരയാകുമെന്നും രാജ് താക്കറെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
മറാത്തികളുടേതാണ് മഹാരാഷ്ട്ര. അതുകൊണ്ടുതന്നെ മഹാരാഷ്ട്ര നിയമസഭയിലെ സത്യപ്രതിജ്ഞ നടക്കേണ്ടത് മറാത്തിയിലാണ്. മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുടെ അനുയായികള്‍ ആരും ഇതിന് വിരുദ്ധമായി ചെയ്യില്ല. മറാത്തിയില്‍ സംസാരിച്ച എംഎല്‍എയെ കര്‍ണാടക നിയമസഭയില്‍ നിന്നും പുറത്താക്കിയ നടപടി നിങ്ങളെല്ലാവരും അറിഞ്ഞുകാണും. മറാത്തികളല്ലാത്തവരോട് നമ്മുടെ എംഎല്‍എമാരും ഇതേ മനോഭാവം കാട്ടണം - രാജ് താക്കറെ പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അബു അസിം ആസ്മി നിയമസഭയിലെ നടപടി ക്രമങ്ങളെല്ലാം ഹിന്ദിയിലാക്കണമെന്ന് ഇക്കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇതിനുള്ള പ്രതികരണമെന്നോളമാണ് രാജ് താക്കറെയുടെ ഭീഷണി പുറത്ത് വന്നിരിക്കുന്നത്.