‘വന്ദേമാതരം’ ചൊല്ലുന്നത് ഇസ്ലാമിനെതിരാണ് എന്ന് ഇസ്ലാമിക പുരോഹിത സംഘടനയായ ജാമിയത്-ഇ-ഉലേമ ഹിന്ദ്. ദേശീയ ഗീതമായ വന്ദേമാതരം ചൊല്ലുന്നതിന് എതിരെ ഇസ്ലാമിക പുരോഹിതര്‍ പ്രമേയവും പാസാക്കി.
വന്ദേമാതര ഗീതത്തിലെ ചില വാക്കുകള്‍ ഇസ്ലാമിനെതിരാണെന്നാണ് ചൊവ്വാഴ്ച പാസാക്കിയ പ്രമേയത്തില്‍ പറയുന്നത്. ആഭ്യന്തര മന്ത്രി പി ചിദംബരം ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഇസ്ലാമിക സെമിനാരിയായ ദിയോബന്ധ് സന്ദര്‍ശിക്കാനിരിക്കെയാണ് പ്രമേയം പാസാക്കിയതെന്നതും ശ്രദ്ധേയമാണ്.
രാജ്യസഭാ എം പിയും പ്രമുഖ ഇസ്ലാമിക നേതാവുമായ മെഹ്മൂദ് മദനിയും ദേശീയ ഗീതത്തിന്റെ ചില വരികളെ എതിര്‍ക്കുന്നു. അള്ളാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിക്കാന്‍ മുസ്ലീങ്ങള്‍ക്ക് ആവില്ല എന്ന് ഇസ്ലാമിക നിയമ ബോര്‍ഡും കരുതുന്നു. ദേശത്തെ സ്നേഹിക്കാം എന്നാല്‍ ആരാധിക്കാനാവില്ല എന്നാണ് ഇസ്ലാമിക നിയമ ബോര്‍ഡിലെ പ്രമുഖനായ കമല്‍ ഫറൂഖി ഇതെ കുറിച്ച് പ്രതികരിച്ചത്.
ഇന്നലെ തുടങ്ങിയ ജാമിയത് യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം വന്ദേമാതരത്തിനെതിരെ ‘ഫത്‌വ’ പുറപ്പെടുവിക്കണം എന്ന ആവശ്യമുന്നയിച്ചിരുന്നു. ഈ വിഭാഗത്തിനെ തൃപ്തിപ്പെടുത്താനായാണ് വന്ദേമാതരത്തിനെതിരെയുള്ള പ്രമേയം പാസാക്കിയത്.
ഇന്ത്യന്‍ ദേശീയ ഗാനത്തിനൊപ്പം പ്രാധാന്യമുള്ള ദേശീയ ഗീതമാണ് വന്ദേമാതരം. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ഈ ദേശഭക്തി ഗാനം സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്നു.