ബി ജെ പി നേതൃത്വം നല്‍കിയ എന്‍ ഡി എ സര്‍ക്കാര്‍ സ്പെക്ട്രം അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജ ഇത്രയും കാലം എന്തുകൊണ്ടാണ് മൌനം പാലിച്ചതെന്ന് വ്യക്തമാക്കണമെന്ന് ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി.
“രാജ ഇത്രയും കാലം എവിടെയായിരുന്നു? അഞ്ചുവര്‍ഷത്തിലധികമായി യു പി എ ആണ് കേന്ദ്രം ഭരിക്കുന്നത്. രാജ കേന്ദ്രമന്ത്രിയുമായിരുന്നു. എന്തുകൊണ്ടാണ് എന്‍ ഡി എയ്ക്കെതിരായ ആരോപണം അദ്ദേഹം ഉന്നയിക്കാതിരുന്നത്. ഇപ്പോള്‍ സ്പെക്ട്രം അഴിമതിയില്‍ രാജ സംശയത്തിന്‍റെ നിഴലിലാണ്. അതുകൊണ്ടാണ് വ്യാജമായ ആരോപണങ്ങള്‍ അദ്ദേഹം ബി ജെ പിക്കെതിരെ പ്രയോഗിക്കുന്നത്” - മുരളി മനോഹര്‍ ജോഷി വ്യക്തമാക്കി.
ടെലികോം സ്പെക്ട്രം അഴിമതിയില്‍ എന്‍ ഡി എ സര്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രാജ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് സൌജന്യ സ്പെക്ട്രം വിതരണം ചെയ്തതിലൂടെ 1,60,000 കോടി രൂപയുടെ വരുമാനം ഖജനാവിന് നഷ്ടമാക്കുകയാണ് എന്‍ ഡി എ ചെയ്തതെന്നായിരുന്നു രാജയുടെ ആരോപണം.
സ്പെക്ട്രം അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവയ്ക്കില്ലെന്ന് രാജ വ്യക്തമക്കിയിട്ടുണ്ട്.