യോഗാഗുരു രാംദേവ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലക്ഷക്കണക്കിന് മുസ്ലിം മൌലവിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കാനൊരുങ്ങുകയാണ് രാംദേവ്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക് സെമിനാരിയായ, ഉത്തര്‍പ്രദേശിലെ ദാറുള്‍ ഉലൂം ദിയോബന്ദില്‍ നവംബര്‍ മൂന്നിനാണ് രാംദേവ് മൌലവിമാരെ അഭിസംബോധന ചെയ്യുക. ശ്രീ ശ്രീ രവിശങ്കറും രാംദേവിനൊപ്പമുണ്ടാകും. മുസ്ലിമിതര മതനേതാക്കള്‍ ഇവിടെ പ്രസംഗിക്കുന്നത് ആദ്യമായാണ്. മാത്രമല്ല, മൌലവിമാര്‍ക്ക് യോഗാപാഠങ്ങള്‍ ഉപദേശിക്കുകയും രാംദേവിന്‍റെ ലക്‍ഷ്യമാണ്.
രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം പ്രസ്ഥാനങ്ങളിലൊന്നായ ജാമിയത്ത് ഉലേമ - ഇ - ഹിന്ദിന്‍റെ വാര്‍ഷിക യോഗത്തിലാണ് മുസ്ലിം മൌലവിമാരോട് രാംദേവ് സംസാരിക്കുക. ദിയോബന്ദിലെ വലിയ മൈതാനത്ത് അഞ്ച് ലക്ഷത്തിലധികം മൌലവിമാര്‍ രാംദേവിന്‍റെ പ്രസംഗം കേള്‍ക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
“കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ബാബാ രാംദേവ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊന്നായ രാംദേവിനെ ഈ പരിപാടിയുടെ ഭാഗമാക്കുക എന്നത് ഞങ്ങളുടെ ആവശ്യമായിരുന്നു. എത്രയോ പേര്‍ക്ക് അദ്ദേഹം ശുഭാപ്തി വിശ്വാസം പകരുന്നു. ദിയോബന്ദിനോടും ജാമിയത്തിനോടും അദ്ദേഹത്തിന് ബഹുമാനവുമുണ്ട്” - ജാമിയത്ത് അംഗമായ എന്‍ എ ഫറൂഖി പറയുന്നു.
പി ചിദംബരം, സച്ചിന്‍ പൈലറ്റ്, ഫറൂഖ് അബ്ദുള്ള എന്നീ കേന്ദ്രമന്ത്രിമാര്‍ രാംദേവ് സംബന്ധിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. കഴിയുമെങ്കില്‍ സോണിയാ ഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും പങ്കെടുപ്പിക്കാന്‍ ജാമിയത്ത് നേതാക്കള്‍ ശ്രമിക്കുന്നുണ്ട്.
മുസ്ലിം മതവിഭാഗത്തില്‍ പെട്ടവര്‍ യോഗയില്‍ പങ്കുചേരുന്നത് മലേഷ്യയിലെ മതനേതാക്കള്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. എന്നാല്‍ അതിനെതിരെ ദാറുള്‍ ഉലൂം ദിയോബന്ദ് ഒരു ഫത്‌വ പുറപ്പെടുവിക്കുകയുണ്ടായി. അന്നുമുതലാണ് രാംദേവും ദിയോബന്ദും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. മുസ്ലിങ്ങള്‍ യോഗ പരിശീലിക്കുന്നതില്‍ തെറ്റില്ലെന്നാണ് സെമിനാരി പറയുന്നത്.
ദിയോബന്ദിലെ യോഗാ പരീശീലനക്ലാസില്‍ ‘ഓം’ എന്നുച്ചരിക്കുന്നതിന് പകരം ‘അള്ളാ’, ‘ദൈവമേ’ എന്നൊക്കെയാവും ഉച്ചരിക്കപ്പെടുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.