സിഖ് വിരുദ്ധ കലാപത്തിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷികം ആചരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ സിഖ് വംശജര്‍ നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലേക്ക്. രണ്ടു ദിവസങ്ങളിലായി ഡല്‍ഹിയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം.
കാകര്‍ദൂമ കോടതിക്കു മുന്നില്‍ ശനിയാഴ്ച സിഖ് വംശജര്‍ പ്രതിഷേധ പ്രകടനം നടത്തും. ശിരോമണി അകാലിദള്‍ നേതാവ് സര്‍ദാര്‍ സിമ്രന്‍ജീത് സിംഗ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് ഒരു നിവേദനം നല്‍കാനും ഉദ്ദേശ്യമുണ്ട്. 84ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം നടന്ന സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് ശരിയായ രീതിയിലുള്ള അന്വേഷണം നടന്നിട്ടില്ലെന്ന് നിവേദനത്തിലൂടെ രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഓള്‍ ഇന്ത്യ സിഖ് സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍റെ പ്രസിഡന്‍റ് കര്‍ണയില്‍ സിംഗ് പറഞ്ഞു.
സിഖ് വിരുദ്ധ കലാപത്തില്‍ എത്ര പേര്‍ മരിച്ചു എന്നതിന്‍റെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. മൂവായിരത്തിലധികം സിഖ് വംശജര്‍ ഡല്‍ഹിയിലും മറ്റ് വടക്കന്‍ നഗരങ്ങളിലുമായി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. കലാപം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഡല്‍ഹിയില്‍ എത്രപേര്‍ മരിച്ചു എന്നതിന്‍റെ കൃത്യമായ റിപ്പോര്‍ട്ടാണ് തങ്ങള്‍ക്കു വേണ്ടതെന്നും കര്‍ണയില്‍ സിംഗ് അറിയിച്ചു. മാത്രമല്ല, സംഭവത്തെക്കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെടാനും സിഖ് സംഘടനകള്‍ക്ക് ഉദ്ദേശ്യമുണ്ട്.
ഞായറാഴ്ച ഗുരുദ്വാരയില്‍ നിന്ന് ‘നീതിക്കുവേണ്ടിയുള്ള മാര്‍ച്ച്’ നടത്താനും സിഖ് വംശജര്‍ തീരുമാനിച്ചിട്ടുണ്ട്.