പാകിസ്ഥാനുമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വെള്ളിയാഴ്ച ആവര്‍ത്തിച്ചു. ന്യൂഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച നേതൃ സംഗമത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിംഗ്.
അയല്‍ രാജ്യങ്ങളുമായും ലോകരാജ്യങ്ങളുമായും സമാധാനപരമായ ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ ഭാവി അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
ചൈന ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്ക ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സര്‍ക്കാരിന് ജനങ്ങളെ സംരക്ഷിക്കാനുള്ള കഴിവുണ്ട് എന്ന് സിംഗ് ഉറപ്പു നല്‍കി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുമിച്ച് മുന്നേറാനുള്ള ധാരാളം അവസരങ്ങള്‍ ഉണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി പ്രശ്നം നിലനില്‍ക്കുന്നുണ്ട് എങ്കിലും അതിര്‍ത്തിയില്‍ ശാന്തത നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട് എന്നും സിംഗ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് യുക്തിപരമാണ്. പ്രകൃതി സംരക്ഷണത്തിലും വികസനത്തിലും ഇന്ത്യ ഉത്തരവാദിത്വമുള്ള രാഷ്ട്രത്തിന്റെ നിലപാട് സ്വീകരിക്കുമെന്നും സിംഗ് പറഞ്ഞു. സാമ്പത്തിക പരിഷ്കാരങ്ങള്‍ ത്വരിതഗതിയിലാക്കാനും വിദ്യാഭ്യാസ മേഖലയിലും ഗ്രാമീണ അടിസ്ഥാന സൌകര്യ വികസനത്തിലും ഊന്നല്‍ നല്‍കാനും ശ്രമിക്കുമെന്നും സിംഗ് പറഞ്ഞു.