മഹാരാഷ്ട്രയില്‍ മന്ത്രിസ്ഥാനങ്ങളുടെ പേരില്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ഇടയില്‍ അസ്വസ്ഥത പെരുകുന്ന അവസരത്തില്‍ എന്‍സിപി നേതാവ് അജിത് പവാറിനെ വശത്താക്കാന്‍ ശിവസേന-ബിജെപി സഖ്യം ശ്രമിക്കുന്നു. സഖ്യം തനിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി എന്‍സിപി തലവന്‍ ശരദ് പവാറിന്റെ അനന്തരവന്‍ കൂടിയായ അജിത് വെളിപ്പെടുത്തി.
അജിത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു എങ്കിലും ഛഗന്‍ ഭുജ്ബലിന് രണ്ടാം തവണയും ഉപമുഖ്യമന്ത്രിയായി തുടരാനുള്ള അനുവാദം എന്‍സിപി നല്‍കുകയായിരുന്നു. മന്ത്രിസഭാ വികസനം വന്നപ്പോഴേക്കും പ്രധാന വകുപ്പുകള്‍ എന്‍സിപിക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചു എന്നാണ് സൂചന. ഇതതുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നസൂചന.
വൈകിയ വേളയിലും സര്‍ക്കാര്‍ രുപീകരിക്കാന്‍ സാധിച്ചേക്കുമെന്നുള്ള ആശയിലാണ് ബിജെപി-സേന സഖ്യം. ഇതിനായി അജിത്തിനെയും അമ്പതോളം എംഎംഎമാരെയും കൂടെ നിര്‍ത്താനാണ് ബിജെപി സഖ്യത്തിന്റെ ശ്രമം. മൊത്തം 62 സീറ്റാണ് എന്‍സിപിക്ക് ഉള്ളത്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 142 സീറ്റും ബിജെപി-സേനാ സഖ്യത്തിന് 91 സീറ്റുമാണ് ഉള്ളത്. മഹാരാഷ്ട്ര നിയമസഭയില്‍ മൊത്തം 184 അംഗങ്ങളാണുള്ളത്.