ലണ്ടന്‍: , വ്യാഴം, 29 ഒക്ടോബര്‍ 2009( 09:47 IST )
ഇന്ത്യ ഏറ്റവും ആകര്‍ഷണീയമായ വ്യാപാര നിക്ഷേപ കേന്ദ്രമാണെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. ലണ്ടനില്‍ സാമ്പത്തിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച ഒരു ചടങ്ങിലാണ് രാഷ്ട്രപതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ഇന്ത്യയില്‍ 1991 ല്‍ അവതരിപ്പിച്ച സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് കൂടുതല്‍ വേഗത്തില്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കാനാണ് സമഗ്രമായ സാമ്പത്തിക പരിഷ്കരണം നടത്തിയത്. ഇന്ത്യയില്‍ ക്രമാനുഗതമായി നടക്കുന്ന നഗരവല്‍ക്കരണവും ഇലക്ട്രോണിക് മാധ്യമങ്ങളുടെ വളര്‍ച്ചയും ജനങ്ങളുടെ ജീവിത ശൈലിയിലും ഉപഭോഗ രീതിയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നു.
ഇന്ന് സാമ്പത്തിക ശക്തിയുള്ള ഇടത്തരക്കാരാണ് ഇന്ത്യയിലുള്ളത്. ഇത് ലോകമെമ്പാടുമുള്ള വ്യാപാരികള്‍ക്ക് താല്പര്യമുണര്‍ത്തുന്ന വസ്തുതയാണെന്നും പ്രതിഭാപാട്ടീല്‍ പറഞ്ഞു. രാഷ്ട്രപതി 800 വര്‍ഷം പഴക്കമുള്ള ലണ്ടന്‍ കോര്‍പ്പറേഷന്‍ ഹാളില്‍ (ഗില്‍ഡ് ഹാള്‍) നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
പ്രതിഭാ പാട്ടീലിന്റെ ബഹുമാനാര്‍ത്ഥം നടന്ന ചടങ്ങില്‍ ലണ്ടന്‍ മേയര്‍ ഇയാന്‍ ലൂഡറും സംസാരിച്ചു. ഇന്ത്യ ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാണെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആഴ്ച ബ്രിട്ടണിലെ ഒരു വ്യാപാര സംഘത്തിനൊപ്പം ലൂഡര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
600 ഇന്ത്യന്‍ കമ്പനികളാണ് ബ്രിട്ടണില്‍ മുതല്‍മുടക്കിയിരിക്കുന്നത്. ഇതില്‍ മൂന്നിലൊന്നും ഐടി വിഭാഗത്തില്‍ നിന്നുള്ളതാണ്. ഇന്ത്യന്‍ കമ്പനികളില്‍ 74 എണ്ണം ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.