പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഭീകരബന്ധം: യുഎസില്‍ ഇന്ത്യക്കാരന്‍ പിടിയില്‍ (Indian, another charged in NY with trying to aid Hezbollah)
വാഷിംഗ്ടണ്‍: , ബുധന്‍, 28 ഒക്ടോബര്‍ 2009( 10:09 IST )
ലെബനീസ് ഭീകര സംഘടനയായ ഹെസ്ബുള്ളയ്ക്ക് ആയുധങ്ങള്‍ നല്‍കി സഹായിക്കാന്‍ ശ്രമിച്ച ഒരു ഇന്ത്യക്കാരന്‍ അടക്കം രണ്ട് പേരെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരനായ പാട്രിക് നയ്യാര്‍ (46), കൊണ്‍റാഡ് മുള്‍ഹോളണ്ട് (42) എന്നിവരാണ് പിടിയിലായത്.
നീരീക്ഷണത്തിലായിരുന്ന ഇവരില്‍ നിന്ന് ഹെസ്ബുള്ള അംഗമെന്ന വ്യാജേന എഫ്ബിഐ ഏജന്റ് ആയുധങ്ങളും വാഹനങ്ങളും വാങ്ങിയിട്ടുണ്ട് എന്ന് അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. ഇതിനോടകം, ഒരു പിക് അപ് ട്രക്ക്, തോക്കുകള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ എഫ്ബിഐ ഏജന്റിന് ഇവര്‍ കൈമാറിയിട്ടുണ്ട്. ഹെസ്ബുള്ളയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി മുന്നിലെത്തിയ ആള്‍ ആയുധങ്ങള്‍ ഭീകരര്‍ക്ക് കൈമാറുമെന്ന വിശ്വാസത്തിലായിരുന്നു ഇവര്‍.
നിയമവിരുദ്ധമായി ആയുധം കൈവച്ചതിന് നയ്യാരെ സെപ്തംബര്‍ 24 ന് ആണ് അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ ഇയാള്‍ അനധികൃതമായി താമസിച്ചു വരികയായിരുന്നു.
ഈ വര്‍ഷം ജൂലൈയ്ക്കും സെപ്തംബറിനും ഇടയില്‍ നടത്തിയ കൂടിക്കാഴ്ചകളിലാണ് ഇവര്‍ ഹെസ്ബുള്ളയ്ക്ക് ആയുധങ്ങള്‍ നല്‍കാമെന്ന് സമ്മതിച്ചതെന്ന് എഫ്ബിഐ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നു. എഫ്ബിഐയുടെ അന്വേഷണത്തില്‍ ഒരു ഇന്ത്യന്‍ സംഘടന അഭിനന്ദനം അറിയിച്ചിട്ടുണ്ട്.