ബാംഗ്ലൂര്‍: , ചൊവ്വ, 27 ഒക്ടോബര്‍ 2009( 08:50 IST )
അഭിപ്രായ വ്യത്യാസങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ടി ഇന്ത്യയും ചൈനയും ഇന്ന് ബാംഗ്ലൂരില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരാണ് ചര്‍ച്ച നയിക്കുക.
പരസ്പരധാരണയും വിശ്വാസവും വളര്‍ത്തുകയും അതിര്‍ത്തിയില്‍ ശാന്തത നിലനിര്‍ത്തുകയുമാണ് ചര്‍ച്ചയുടെ പ്രധാന ലക്‍ഷ്യം. അരുണാചല്‍പ്രദേശ്, ദലൈലാമയുടെ തവാംഗ് സന്ദര്‍ശനം തുടങ്ങിയ വിവാദപരമായ വസ്തുതകളടക്കം ഇരു കക്ഷികള്‍ക്കുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ സ്ഥാനം പിടിക്കും.
ഇന്ത്യയും ചൈനയും റഷ്യയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്തോ-ചൈന ഉഭയകക്ഷി ചര്‍ച്ച നടക്കുക. ചര്‍ച്ചയില്‍ ചൈനീസ് വിദേശകാര്യമന്ത്രി യാംഗ് ജിയേച്ചിക്കൊപ്പം ചൈനയുടെ അംബാസഡര്‍ ഴാംഗ് യാംഗും പങ്കെടുക്കും. എസ് എം കൃഷ്ണയ്ക്കൊപ്പം വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി വിനയ് ഗോഖലെയും ഉണ്ടാവും.
അരുണാചല്‍പ്രദേശില്‍ മന്‍മോഹന്‍ സിംഗ് സന്ദര്‍ശനം നടത്തിയതിനെ ചൈന എതിര്‍ക്കുകയും സംസ്ഥാനത്തിനു മേല്‍ അവകാശവാദമുന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ഒക്ടോബര്‍ 24 ന് ആസിയാന്‍ ഉച്ചകോടിക്കിടെ തായ്‌ലന്‍ഡിലെ ഹുവാ ഹിനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും വിശ്വാസവും വര്‍ദ്ധിപ്പിച്ച് മുന്നോട്ട് നീങ്ങാന്‍ സിംഗും വെന്‍ ജിയാബൊയും ധാരണയില്‍ എത്തിയിരുന്നു.