വാഷിംഗ്ടണ്‍:, തിങ്കള്‍, 26 ഒക്ടോബര്‍ 2009( 18:34 IST )
പാകിസ്ഥാന് യുഎസ് നല്‍കുന്ന സഹായവും ആയുധവും ഇന്ത്യക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. അതേസമയം, പാകിസ്ഥാന്റെ സാമ്പത്തിക വികാസത്തിനായും ആഭ്യന്തര ഭീകരതയെ അതിജീവിക്കാനും യുഎസ് നല്‍കുന്ന സഹായത്തെ ഇന്ത്യ അഭിനന്ദിക്കുന്നു എന്നും തരൂര്‍ പറഞ്ഞു.
സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്നും എന്നാല്‍ സമാധാനം ഇല്ലാതാക്കുന്നത് പാകിസ്ഥാനാണെന്നും തരൂര്‍ കുറ്റപ്പെടുത്തി, അഫ്ഗാന്‍ യുദ്ധ സമയത്ത് യുഎസ് പാകിസ്ഥാന് കണക്കില്‍ കവിഞ്ഞ സാമ്പത്തിക സഹായം നല്‍കി. എന്നാല്‍, ആ സഹായത്തില്‍ കൂടുതലും ഇന്ത്യക്കെതിരെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനാണ് പാകിസ്ഥാന്‍ ഉപയോഗിച്ചത്. പാകിസ്ഥാനില്‍ നിന്ന് 25 വര്‍ഷമായി ഇത്തരത്തിലുള്ള കയ്പേറിയ അനുഭവമാണ് നേരിടേണ്ടി വരുന്നതെന്നും തരൂര്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാബൂളിലെ ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന സ്ഫോടനത്തിനു പിന്നില്‍ പാകിസ്ഥാനാണോ എന്ന ചോദ്യത്തിന്, ആരുടെ നേരെയും വിരല്‍ ചൂണ്ടുന്നതല്ല ഇന്ത്യയുടെ നയമെന്നും അതെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു. തൊണ്ണൂറുകളില്‍ ഇന്ത്യ പാകിസ്ഥാന് ഏറ്റവുമടുത്ത സൌഹൃദ രാജ്യമെന്ന പദവി നല്‍കിയതും തരൂര്‍ ചൂണ്ടിക്കാണിച്ചു. ഒറ്റപ്പെടുമെന്ന് ചിന്തമൂലം ഭയന്ന് മാറിനില്‍ക്കാതെ പൊതുധാരയില്‍ ചേരുകയാണ് പാകിസ്ഥാന്‍ ചെയ്യേണ്ടതെന്നും തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.