ഹ്യുമ അക്രം നിര്യാതയായി

ഞായര്‍, 25 ഒക്ടോബര്‍ 2009( 10:27 IST )
പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വസിം അക്രത്തിന്റെ ഭാര്യ ഹ്യുമ അക്രം നിര്യാതയായി. ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
എയര്‍ ആംബുലന്‍സില്‍ സിംഗപ്പൂരിലേക്ക് ചികിത്സയ്ക്ക് കൊണ്ടു പോവും വഴി ചൊവ്വാഴ്ചയാണ് ഹ്യുമയെ അടിയന്തിരമായി ചെന്നൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലാഹോറില്‍ നിന്ന് സിംഗപൂരിലേക്ക് പോവുകയായിരുന്ന എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയതായിരുന്നു. ഈ സമയം, ഹ്യുമയുടെ ആരോഗ്യ സ്ഥിതി തീരെ വഷളാവുകയും വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
സിസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല.
പാകിസ്ഥാനില്‍ ബ്രെയിന്‍ ട്യൂമര്‍ ചികിത്സയ്ക്ക് വിധേയയായിരുന്ന ഹ്യുമയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, യാത്രാമധ്യേ ഇവര്‍ക്ക് ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തതു മൂലം ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.