കൊല്‍ക്കത്ത, വെള്ളി, 23 ഒക്ടോബര്‍ 2009( 10:39 IST )
സായുധ മാവോയിസ്റ്റുകള്‍ രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ പൊലീസ് ഓഫീസര്‍ സുരക്ഷിതനായി വീട്ടിലെത്തി. പടിഞ്ഞാറന്‍ മിഡ്നാപൂരിലെ സന്‍ക്രൈല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു അതിന്ദ്രനാഥ് ദത്ത എന്ന പൊലീസ് ഓഫീസറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്.
വെള്ളിയാഴ്ച വെളുപ്പിന് 2:30 ഓടെ സംസ്ഥാന പൊലീസ് കമാന്‍ഡോകളുടെ എസ്കോര്‍ട്ടോടെയാണ് അതിന്ദ്രനാഥിനെ വടക്കന്‍ കൊല്‍ക്കത്തയിലെ വസതിയില്‍ എത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ബന്ദിയാക്കിയ പൊലീസ് ഓഫീസറെ മാവോയിസ്റ്റുകള്‍ ലാല്‍ഗഡിലെ ഒരു കൃഷിയിടത്തില്‍ വച്ച് മാധ്യമ പ്രവര്‍ത്തര്‍ക്ക് കൈമാറുകയായിരുന്നു. നക്സല്‍ വിരുദ്ധ നടപടികളുടെ ഭാഗമായി അറസ്റ്റ് ചെയ്തിരുന്ന ഒരു വനിതയ്ക്ക് ജാമ്യം നല്‍കിയതിനെ തുടര്‍ന്നായിരുന്നു പൊലീസ് ഓഫീസറെ സ്വതന്ത്രനാക്കിയത്.
ചൊവ്വാഴ്ച മോട്ടോര്‍ ബൈക്കുകളില്‍ വന്ന മാവോയിസ്റ്റ് സംഘം രണ്ട് ഓഫീസര്‍മാരെ വധിച്ച ശേഷമാണ് അതിന്ദ്രനാഥിനെ ബന്ദിയാക്കിയത്. ഇവര്‍ പൊലീസ് സ്റ്റേഷനു സമീപത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ കൊള്ളയടിക്കുകയും ചെയ്തിരുന്നു.