കൊല്‍ക്കത്ത, വ്യാഴം, 22 ഒക്ടോബര്‍ 2009( 17:43 IST )
നക്സല്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ തിരിച്ചടിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നു. ആറ് സംസ്ഥാനങ്ങളില്‍ രണ്ടാഴ്ചയ്ക്ക് ശേഷം അര്‍ദ്ധസൈനിക വിഭാഗത്തിന്‍റെയും നേവിയുടെയും സഹായത്തോടെ ഓപ്പറേഷനുകള്‍ നടത്താനാണ് തീരുമാനം.
പശ്ചിമബംഗാളിനെക്കൂടാതെ ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഓപ്പറേഷന്‍ നടത്തുക. വനത്തിനുള്ളില്‍ കയറി യുദ്ധം ചെയ്യുന്നതിനായി അര്‍ദ്ധസൈനിക വിഭാഗത്തിലെ ഒരുസംഘത്തിന് കഴിഞ്ഞ മൂന്ന് മാസങ്ങളായി പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നാണ് വിവരം. ഉത്സവസീസണും മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും പരിഗണിച്ചാണ് ആക്രമണം കേന്ദ്രസര്‍ക്കാര്‍ നീട്ടിവെച്ചത്.
സംസ്ഥാന പൊലീസുമായി യോജിച്ചായിരിക്കും ഓപ്പറേഷന്‍സ് നടത്തുക. വായുസേനയുടെ ഹെലികോപ്ടറുകളും സൈനികരെ സഹായിക്കാനുണ്ടാകും എന്നാല്‍ കരസേനയുടെയോ മറ്റോ സേവനം പൂര്‍ണ്ണമായി ലഭ്യമാക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ നക്സല്‍ ആക്രമണം ഏറെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇനിയും കാത്തിരിക്കാതെ ഓപ്പറേഷന്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ആലോചന.