ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണം (Congress sweeps in three states)
Feedback Print Bookmark and Share
 
PTI
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. മഹാരാഷ്ട്ര, ഹരിയാന, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തന്നെ അധികാ‍രത്തില്‍ തിരിച്ചെത്തുമെന്ന് ഏകദേശം ഉറപ്പായി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് - എന്‍ സി പി സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയത്.

മഹാരാഷ്ട്രയില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള ബി ജെ പി - ശിവസേന സഖ്യത്തിന്‍റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. തീവ്ര ഹിന്ദുത്വ ചിന്തകള്‍ ജനം ഉപേക്ഷിക്കുന്നു എന്ന സൂചനയാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. മഹാരാഷ്ട്ര നവനിര്‍മ്മാണ് സേന ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടാന്‍ ശിവസേന സഖ്യത്തിന് സാധിക്കാത്തതും പരാജയത്തിന് കാരണമായി.

കോണ്‍ഗ്രസ് 61 ഇടത്തും സഖ്യകക്ഷിയായ എന്‍ സി പി 34 ഇടത്തും മുന്നേറ്റമുണ്ടാക്കി. 26 ഇടത്ത് എന്‍ സി പി യും 22 ഇടത്ത് കോണ്‍ഗ്രസ്സും വിജയിച്ചു. കഴിഞ്ഞ തവണ 139 സീറ്റ് ലഭിച്ച കോണ്‍ഗ്രസ് എന്‍ സി പി സഖ്യം ചെറുകക്ഷികളുടെ സഹാ‍യത്തോടെയായിരുന്നു ഭരിച്ചത്. എന്നാല്‍ ഇത്തവന ആരുടേയും പിന്തുണയില്ലാതെ രണ്ട് കക്ഷികള്‍ക്കും ഭരിക്കാന്‍ സാധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 288 മണ്ഡലങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഹരിയാനയില്‍ ചരിത്ര വിജയമാണ് കോണ്‍ഗ്രസ് കരസ്ഥമാക്കിയത്. മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരണകക്ഷി അധികാരത്തില്‍ തിരിച്ചത്തുന്നത്. മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ തന്നെ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. ഐ എന്‍ എല്‍ ഡിയും ബി ജെ പിയും വേര്‍പിരിഞ്ഞതാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്‍‌തൂക്കം നേടിക്കൊടുത്തത്. 90 സീറ്റുകളില്‍ 26 എണ്ണം കോണ്‍ഗ്രസ് വിജയിച്ചുകഴിഞ്ഞു. 15 എണ്ണത്തില്‍ ലീഡ് ചെയ്യുന്നു.

ഒറ്റയ്ക്ക് മത്സരിച്ച ഐ എന്‍ എല്‍ ഡി ഇത്തവണ സ്ഥിതി ഏറെ മെച്ചപ്പെടുത്തി. കഴിഞ്ഞ തവണത്തെ ഒന്‍പത് സീറ്റിന്‍റെ സ്ഥാനത്ത് 22 സീറ്റായി ഉയര്‍ന്നിട്ടുണ്ട്. ഒന്‍പതിടത്ത് പാര്‍ട്ടി ലീഡ് ചെയ്യുന്നു. ബി ജെ പി ഒരിടത്ത് വിജയിക്കുകയും മറ്റ് മൂന്നിടത്ത് മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രി ഹരിയാന ജന്‍‌ഹിത് കോണ്‍ഗ്രസ് നാല് സീറ്റ് നേടി, രണ്ടിടത്ത് ലീഡ് ചെയ്യുന്നു.

അരുണാചല്‍ പ്രദേശില്‍ തുല്യതയില്ലാത്ത വിജയമാണ് കോണ്‍ഗ്രസ് നേടിയത്. 60 മണ്ഡലങ്ങളില്‍ 21 എണ്ണം പാര്‍ട്ടി നേടിക്കഴിഞ്ഞു. 15 ഇടത്ത് വ്യക്തമായ മേല്‍ക്കൈ നേടിക്കഴിഞ്ഞതായാണ് സൂചന. മറ്റുള്ളവര്‍ ഓരോ സീറ്റ് നേടിയിട്ടുണ്ട്. മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു അടക്കം മൂന്നുപേര്‍ എതിരില്ലാതെയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭരണ വിരുദ്ധ വികാരവും വിമതരുടെ ഭീഷണിയും ഉണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത് ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍