ന്യൂഡല്‍ഹി, ചൊവ്വ, 20 ഒക്ടോബര്‍ 2009( 10:56 IST )
ഗ്രാമസഭകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു. സംസ്ഥാനങ്ങളുടെ നയപരിപാടികളില്‍ ഗ്രാമസഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഗ്രാമസഭകള്‍ ഊര്‍ജിതമാക്കാന്‍ പ്രത്യേക പരിപാടികളും പദ്ധതികളും നടപ്പാക്കണം. ഭരണകൂടത്തിന്‍റെ വക്താവ് ആയിരിക്കരുത് ഗ്രാമസഭകളുടെ തലവന്‍. ജനങ്ങളുടെ ശബ്ദം ഭരണകര്‍ത്താക്കള്‍ക്ക് മുന്നിലെത്തിക്കുന്ന വ്യക്തിയായിരിക്കണം സഭയുടെ തലവന്‍. ഗ്രാമസഭാ അധികാരികളുടെ ചുമതലകളും കര്‍മ്മങ്ങളും വ്യക്തമായി നിര്‍വ്വചിച്ച് അവരെ അറിയിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.
ഗ്രാമസഭാ സെക്രട്ടറിയേറ്റുകളുടെ പ്രവര്‍ത്തനരീതിയും വ്യക്തമാക്കിക്കൊടുക്കണമെന്ന് നിര്‍ദ്ദേശത്തിലുണ്ട്. പ്രാദേശികമായ സമ്മര്‍ദ്ദങ്ങള്‍ക്ക് അതീതമായിരിക്കണം ഇവയുടെ പ്രവര്‍ത്തനം. ഗ്രാമീണ വികസന പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഗ്രാമസഭകളുടെ പൂര്‍ണ്ണപങ്കാളിത്തം ഉണ്ടായിരിക്കണം. കാര്‍ഷിക മാനുഷിക സാമൂഹിക മേഖലകളില്‍ ഗ്രാമസഭകളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.