ബോളിവുഡ് നായിക കരീന കപൂറിന്റെ മുംബൈയിലെ വസതിയില്‍ നിന്ന് മോഷണം നടത്തിയ ‘വീട്ടിലെ മോഷ്ടാക്കള്‍’ പിടിയിലായി. മൂന്ന് വീട്ടുജോലിക്കാരാണ് പിടിയിലായത്. പിടിയിലായ മൂന്ന് സ്ത്രീകളും കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
ഒക്ടോബര്‍ 8 ന് ആണ് കരീനയുടെ വീട്ടില്‍ നിന്ന് 2.50 ലക്ഷം രൂപവിലമതിക്കുന്ന വസ്തുക്കള്‍ മോഷണം പോയത്. പിടിയിലായ ജോലിക്കാരുടെ പക്കല്‍ നിന്ന് 1.53 ലക്ഷം രൂപയും 41,000 രൂപ വിലയുള്ള പേള്‍ മാലയുടെ സെറ്റും പൊലീസ് കണ്ടെടുത്തു.
മോഷണത്തെ കുറിച്ച് പൊലീസ് പറയുന്ന കഥ ഇപ്രകാരമാണ്; ഒക്ടോബര്‍ 8 ന് കരീനയുടെ സെക്രട്ടറി സഹിദ് അക്രം ഖാന്‍ 2.14 ലക്ഷം രൂപ കരീനയുടെ അമ്മ ബബിതയുടെ മുറിയില്‍ വച്ചു. ബബിത സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഇക്കാര്യം അവരെ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാല്‍, ബബിത വീട്ടെലെത്തിയപ്പോള്‍ രൂപ കളവ് പോയതായി മനസ്സിലാക്കി. ഇക്കാര്യം മാനേജരെ അറിയിക്കുകയും ചെയ്തു.
വീട്ടിലെ 10 ജോലിക്കാരെയും ചോദ്യം ചെയ്തു എങ്കിലും പ്രത്യേകിച്ച് വിവരമൊന്നും ലഭിച്ചില്ല. പിന്നീട് നടത്തിയ തെരച്ചിലില്‍ ഒരു പേള്‍ മാലയുടെ സെറ്റും കാണാനില്ല എന്ന് മനസ്സിലായി. തുടര്‍ന്ന് വിദേശത്തായിരുന്ന കരീന മടങ്ങിയെത്തിയ ശേഷമാണ് പൊലീസില്‍ പരാതിപ്പെട്ടത്.
മൂന്ന് ജോലിക്കാരികളുടെ പെരുമാറ്റത്തിലും പൊലീസിന് സംശയം തോന്നിയിരുന്നു. ഒരു ജോലിക്കാരി മൊഴിമാറ്റിപ്പറഞ്ഞതും സംശയം വര്‍ദ്ധിപ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലും ചോദ്യംചെയ്യലിലും പ്രതികള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.