മെല്‍ബണ്‍, തിങ്കള്‍, 12 ഒക്ടോബര്‍ 2009( 15:45 IST )
ഇന്ത്യക്കാര്‍ക്കെതിരെയുള്ള വംശീയ ആക്രമണം തുടരുന്ന സാഹചര്യത്തിലും ഇന്ത്യന്‍ വംശജരായ വിദേശ വിദ്യാര്‍ത്ഥികളില്‍ ഏറെപ്പേര്‍ക്കും ഓസ്ട്രേലിയ തന്നെയാണ് ഇപ്പോഴും ഇഷ്ടം. അടുത്തകാലത്ത് പുറത്തുവന്ന ഒരു സര്‍വെയിലാണ് ഓസ്ട്രേലിയ സുരക്ഷിത പഠന കേന്ദ്രമാണെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടത്.
സര്‍വെയില്‍ പ്രതികരിച്ച വിദ്യാര്‍ത്ഥികളില്‍ 26 ശതമാനവും ഓസ്ട്രേലിയ സുരക്ഷിത രാജ്യമാണെന്ന് അഭിപ്രായപ്പെട്ടു. ബ്രിട്ടനും കാനഡയുമാണ് 20 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തിയത്. 13 ശതമാനം വോട്ട് നേടിയ ന്യൂസിലാന്‍ഡും അഞ്ച് ശതമാനം വോട്ട് നേടിയ അമേരിക്കയുമാണ് മൂന്നും നാലും സ്ഥാനത്ത് എത്തിയതെന്ന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ഐഡിപി എഡ്യൂക്കേഷന്‍ എന്ന പ്രമുഖ സ്ഥാപനം വെളിപ്പെടുത്തുന്നു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനായുള്ള മികച്ച സര്‍ക്കാര്‍ നയങ്ങളുടെ കാര്യത്തിലും ഓസ്ട്രേലിയ തന്നെയാണ് മുന്നിലെന്ന് 19 ശതമാനം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. യു എസ്, ബ്രിട്ടന്‍, കാനഡ, ന്യൂസിലാന്‍ഡ് എന്നീ ക്രമത്തിലാണ് മറ്റു രാജ്യങ്ങളെ തെരഞ്ഞെടുത്തത്.
സ്ഥിര താമസത്തിനും സ്റ്റുഡന്റ് വിസ നേടുന്നതും ഓസ്ട്രേലിയയില്‍ എളുപ്പമാണെന്നും സര്‍വേയില്‍ പ്രതികരിച്ച വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സിഡ്നിയില്‍ ഈ ആഴ്ച നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തില്‍ സര്‍വേ പ്രസിദ്ധപ്പെടുത്തും.