ബലൂചിസ്ഥാനില്‍ ഇന്ത്യയുടെ സഹായത്തോടെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന ആരോപണം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിഷേധിച്ചു. പാകിസ്ഥാന്റെ ഇത്തരത്തിലുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും സിംഗ് പറഞ്ഞു.
പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഉത്തരവാദിത്വം ഇന്ത്യയ്ക്കല്ല. പാകിസ്ഥാനിലോ ലോകത്തിലെ മറ്റേതെങ്കിലും ഭാഗത്തോ ഇന്ത്യ ഭീകര പ്രവര്‍ത്തനം നടത്തുന്നില്ല. ഇന്ത്യക്കെതിരെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തത് ആണെന്ന് പാകിസ്ഥാന്‍ ജനതയ്ക്കും സര്‍ക്കാരിനും അറിയാം, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നക്സലിസമാണ് ഇന്ത്യനേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണി. നക്സലിസത്തെ വളര്‍ത്തുന്ന ഘടകങ്ങളെ കുറിച്ച് വിശകലനം നടത്തേണ്ടതുണ്ട്. വികസനം പരിമിതിപ്പെടുന്നത് നക്സലിസത്തിന് കാരണമാവുന്നു. എന്നാല്‍, നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.
നക്സലുകളെ നേരിടാന്‍ സായുധ സേനയെ ഉപയോഗിക്കാന്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ല. നക്സലുകളെ ഭീകരരായി പ്രഖ്യാപിക്കാന്‍ നീക്കമില്ല. നക്സലുകളും ഭീകരരുമായി ബന്ധമുള്ളതായി ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല.
അക്രമത്തിന്റെ പാത ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ നക്സലുകളുമായും ജമ്മു കശ്മീരിലെ ഭീകരരുമായും ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.