ന്യൂഡല്‍ഹി, വ്യാഴം, 1 ഒക്ടോബര്‍ 2009( 11:33 IST )
ചൈനീസ് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ അറുപതാം വാര്‍ഷികത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശംസകള്‍ അറിയിച്ചു. ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബൊയ്ക്ക് നല്‍കിയ സന്ദേശത്തിലാണ് ഇന്ത്യയുടെ ആശംസകള്‍ അറിയിച്ചത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള തന്ത്രപ്രധാനവും സഹകരണാധിഷ്ഠിതവുമായ ബന്ധം വര്‍ഷങ്ങളായി വികാസം പ്രാപിച്ചതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭാവിയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സിംഗ് പറഞ്ഞു.
ചൈന പ്രധാന നാഴികക്കല്ലുകളില്‍ ഒന്ന് പിന്നിടുകയാണ്. കഴിഞ്ഞ അറുപത് വര്‍ഷമായി രാജ്യം സ്വന്തമാക്കിയ നേട്ടങ്ങള്‍ ആഘോഷിക്കേണ്ട സമയംകൂടിയാണിത്. ഒരു സുഹൃദ് രാജ്യമെന്ന നിലയിലും വികസ്വര രാജ്യമെന്ന നിലയിലും ഇന്ത്യയും ഈ ആഹ്ലാദം പങ്കുവയ്ക്കുന്നു,
കഴിഞ്ഞ നാല് വര്‍ഷമായി സമാധാനത്തിനു വേണ്ടിയുള്ള സഹകരണത്തില്‍ കൂടുതല്‍ വികാസമുണ്ടായിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കുറിച്ചുള്ള ഇരു രാജ്യങ്ങളുടെയും വീക്ഷണം ബഹുമുഖ സഹകരണത്തിലും അന്താരാഷ്ട്ര വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിലും സമ്മര്‍ദ്ദം ചെലുത്തുന്നതിലും പ്രകടമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.