ന്യൂഡല്‍ഹി, വ്യാഴം, 17 സെപ്റ്റംബര്‍ 2009( 09:27 IST )
PRO
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി ഡി ദിനകരന്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സുപ്രീംകോടതി ജസ്റ്റിസുമാര്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നേക്കും.
ജസ്റ്റിസ് പി ഡി ദിനകരനെ സുപ്രീംകോടതി ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശ വന്നതിനെ തുടര്‍ന്നാണ് പ്രമുഖ നിയമജ്ഞര്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നത്. മദ്രാസ് ഹൈക്കോടതിയില്‍ നിന്നുള്ള അഭിഭാഷകരും പി ഡി ദിനകരനെ സുപ്രീംകോടതി ജസ്റ്റിസായി സ്ഥാനക്കയറ്റം നല്‍കുന്നതിനെ എതിര്‍ക്കുന്നു.
ഫാലി എസ് നരിമാന്‍, ശാന്തി ഭൂഷണ്‍, അശോക് ദേശായ്, രാംജഠ്മലാനി തുടങ്ങിയ പ്രമുഖര്‍ ചീഫ് ജസ്റ്റിനയച്ച കത്തില്‍ പി ഡി ദിനകരനെ സുപ്രീം കോടതി ജസ്റ്റിസായി നാമനിര്‍ദ്ദേശം നല്‍കിയ തീരുമാനം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ശനിയാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പി ഡി ദിനകരനെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടു എന്നും എന്നാല്‍ ആരോപണങ്ങള്‍ അദ്ദേഹം തള്ളിക്കളയുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.
പി ഡി ദിനകരന്‍ 700 ഏക്കറോളം ഭൂമി സ്വന്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹത്തിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നു എന്നുമാണ് അഭിഭാഷകരുടെ വിമര്‍ശനം.