ന്യൂഡല്‍ഹി, ബുധന്‍, 16 സെപ്റ്റംബര്‍ 2009( 14:57 IST )
PRO
വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തിന് വിശദീകരണം നല്‍കാന്‍ കര്‍ണാടക ചീഫ് ജസ്റ്റിസ് പി ഡി ദിനകരനോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതായി സൂചന.
അഞ്ചോളം നിയമ വിദഗ്ധര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ആഴ്ച വിശദീകരണം ആവശ്യപ്പെട്ടത് എന്നാണ് സൂചന. ഫാലി എസ് നരിമാന്‍, ശാന്തി ഭൂഷണ്‍, അശോക് ദേശായ്, രാംജഠ്മലാനി തുടങ്ങിയ പ്രമുഖര്‍ ചീഫ് ജസ്റ്റിനയച്ച കത്തില്‍ പി ഡി ദിനകരനെ സുപ്രീം കോടതി ജസ്റ്റിസായി നാമനിര്‍ദ്ദേശം നല്‍കിയ തീരുമാനം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹിയില്‍ സുപ്രീം കോടതി ചീഫ്ജസ്റ്റിസിന്റെ വസതിയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ പരാതികളിലേക്ക് പി ഡി ദിനകരന്റെ ശ്രദ്ധ ക്ഷണിച്ചു എങ്കിലും ആരോപണങ്ങള്‍ എല്ലാം അദ്ദേഹം നിരസിച്ചതായാണ് റിപ്പോര്‍ട്ട്.
പി ഡി ദിനകരന്‍ 700 ഏക്കറോളം ഭൂമി സ്വന്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹത്തിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നു എന്നുമാണ് അഭിഭാഷകരുടെ വിമര്‍ശനം.