ന്യൂഡല്‍ഹി, തിങ്കള്‍, 31 ഓഗസ്റ്റ് 2009( 13:26 IST )
ചാന്ദ്ര പര്യവേക്ഷണത്തിനു ശേഷം ഇന്ത്യ ചൊവ്വ ദൌത്യത്തിനും തയ്യാറെടുക്കുന്നു. ഇന്ത്യയുടെ ചൊവ്വ ദൌത്യം 2013-1015 ഓടെ യാഥാര്‍ത്ഥ്യമാവുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ തിങ്കളാഴ്ച പറഞ്ഞു.
ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്റെ റേഡിയോ ബന്ധം തകരാറിലായതിനെ തുടര്‍ന്ന് കാലാവധി പൂര്‍ത്തീകരിക്കും മുമ്പേ ദൌത്യം അവസാനിച്ചതായി ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിരുന്നു. റേഡിയോ ബന്ധം തകരാറിലായതു കാരണം ഭൂമിയില്‍ നിന്നും തിരിച്ചുമുള്ള ആശയവിനിമയ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്നാണ് ദൌത്യം ഉപേക്ഷിച്ചത്.
നേരത്തെ, സ്റ്റാര്‍ സെന്‍സറുകള്‍ക്ക് തകരാര്‍ പറ്റിയതിനെ തുടര്‍ന്ന് ചന്ദ്രന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ആയിരുന്ന ചന്ദ്രയാനെ 200 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. അമിതമായ ചൂടിനെ പ്രതിരോധിക്കാനാവാതെ ആശയവിനിമയ സംവിധാനത്തിന്റെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ക്ക് പറ്റിയ തകരാറായിരുന്നു റേഡിയോ ബന്ധം തകരാറിലാവാന്‍ കാരണമെന്നാണ് സൂചന.
ചന്ദ്രയാന്‍-1 ന് രണ്ട് വര്‍ഷത്തെ ദൌത്യ കാലാവധിയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ദൌത്യത്തിന്റെ 95 ശതമാനം ലക്‍ഷ്യങ്ങളും പൂര്‍ത്തിയാക്കിയതായി ജി. മാധവന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു.