ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് വൈ എസ് സബര്‍വാള്‍ ഉള്‍പ്പെടെ 30 വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കി വരുന്ന എക്സ്-വിഭാഗത്തിലുള്ള സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
വ്യക്തമായ ഭീഷണി നേരിടുന്നവര്‍ക്കോ ഭരണഘടനാപരമായ പദവിയില്‍ ഇരിക്കുന്നവര്‍ക്കോ മാത്രം ഇത്തരത്തിലുള്ള സുരക്ഷ നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം വെള്ളിയാഴ്ച പറഞ്ഞു. ചിദംബരം സ്വന്തമായി പ്രത്യേക സുരക്ഷ വേണ്ടെന്ന് പറഞ്ഞിരുന്നു.
സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ വിശദമായ വിശകലനത്തില്‍ 20 പേര്‍ക്ക് മാത്രം എക്സ്-വിഭാഗത്തിലുള്ള സുരക്ഷ നല്‍കിയാല്‍ മതി എന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത് എന്ന് ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഈ വിഭാഗത്തില്‍ ഒരു സുരക്ഷാ ഓഫീസറുടെ സേവനം എട്ട് മണിക്കൂര്‍ നല്‍കുന്നു. അതായത്, ദിവസം മൂന്ന് പൊലീസുകാരുടെ സേവനമായിരിക്കും നല്‍കേണ്ടി വരിക.
ഇസെഡ്, വൈ, ഇസെഡ് പ്ലസ് വിഭാഗങ്ങളിലുള്ള സുരക്ഷയിലും ഇത്തരത്തിലുള്ള പുനരവലോകനം നടക്കുമെന്നാണ് സൂചന.