മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നല്‍കിയ തെളിവുകള്‍ തളളിയ പാക് നടപടി നിര്‍ഭാഗ്യകരമാണെന്ന് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ. ഇന്‍റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച ലഷ്കര്‍ നേതാവ് ഹഫീസ് സയ്യീദിനെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറാവണമെന്നും കൃഷ്ണ പറഞ്ഞു.
സയ്യീദിനെതിരെ ഇന്‍റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത് ഇന്ത്യയുടെ നിലപാടുകള്‍ സാധൂകരിക്കുന്നതാണ്. മുംബൈ ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്ഥാന്‍ തയ്യാറാവണം. വളരെ ബുദ്ധിമുട്ടിയാണ് മുംബൈ ആക്രമണത്തില്‍ ലഷ്കറിനുള്ള പങ്ക് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ ശേഖരിച്ചത്.
അത് പാകിസ്ഥാന്‍ നിരസിച്ചത് തികച്ചും ദൌര്‍ഭാഗ്യകരമായിപ്പോയി. ഇക്കാര്യങ്ങളെല്ലാം ലോകരാജ്യങ്ങള്‍ കാണുന്നുണ്ട്. തിവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാനായി പാകിസ്ഥാനുമേല്‍ തുടര്‍ന്നും സമ്മര്‍ദ്ദം ചെലുത്തുമെന്നും കൃഷ്ണ പറഞ്ഞു.
മുംബൈ ആക്രമണത്തെക്കുറിച്ചും സംഝോത എക്സ്പ്രസ് ദുരന്തത്തെക്കുറിച്ചും മതിയായ തെളിവുകള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാവുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
ഈ മാസം 21നാണ് മുംബൈ ആക്രമണത്തില്‍ പാക് തീവ്രവാദ ഗ്രൂപ്പുകളുടെ പങ്ക് വ്യക്തമാക്കുന്ന ആറ് തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയത്.