ന്യൂഡല്‍ഹി, തിങ്കള്‍, 24 ഓഗസ്റ്റ് 2009( 19:47 IST )
എല്ലാ സ്കൂള്‍ ബോര്‍ഡുകളിലും ഗണിത ശാസ്ത്രത്തിന്റെയും ശാസ്ത്ര വിഷയങ്ങളുടെയും പാഠ്യപദ്ധതി ഏകീകരിക്കണം എന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി കപില്‍ സിബല്‍.
ഏകീകൃത പാഠ്യപദ്ധതിയിലൂടെ പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പൊതുവായ പ്രവേശനപ്പരീക്ഷ എന്ന ലക്‍ഷ്യം നേടാനാവും. വിദ്യാഭ്യാസ പരിഷ്കാരങ്ങളിലൂടെ രാജ്യത്തെ വിജ്ഞാനം സ്വീകരിക്കുന്ന നിലയില്‍ നിന്ന് വിജ്ഞാനം സൃഷ്ടിക്കുന്ന നിലയിലേക്ക് കൊണ്ടുവരണം, സിബല്‍ പറഞ്ഞു.
എന്നാല്‍, ഏകീകൃത പാഠ്യപദ്ധതി എന്ന ലക്‍ഷ്യം നേടാന്‍ ഭഗീരഥ പ്രയത്നം നടത്തേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ശാസ്ത്ര, ഗണിത വിഷയങ്ങളിലെ പാഠ്യപദ്ധതിയില്‍ സംസ്ഥാനങ്ങള്‍ തോറും നഗരങ്ങള്‍ തോറും മാറ്റം വരുന്നതിനു കാരണമെന്താണെന്ന് മനസ്സിലാവുന്നില്ല. നമുക്ക് മൊത്തം 41 ബോര്‍ഡുകളാണ് ഉള്ളത്. ഒരു സംസ്ഥാനത്തിന് 4 ബോര്‍ഡുകളുടെ ആവശ്യമില്ല. നമുക്ക് വേലിക്കെട്ടുകള്‍ തകര്‍ത്ത് മുന്നേറണം, സെക്കന്‍ഡറി വിദ്യാഭ്യാസ കൌണ്‍സിലിന്റെ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു സിബല്‍.