ജസ്വന്തിന്റെ പുസ്തകം പാര്‍ട്ടിക്കെതിര്: ജയ്റ്റ്ലി
സിംല, വ്യാഴം, 20 ഓഗസ്റ്റ് 2009( 18:03 IST )
PTI
ജസ്വന്ത് സിംഗിന്റെ പുസ്തകത്തിന്റെ ഉള്ളടക്കം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് എതിരായതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് എന്ന് ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജയ്‌റ്റ്ലി വ്യാഴാഴ്ച വ്യക്തമാക്കി. ചിന്തന്‍ ബൈഠക് നടക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയ്‌റ്റ്ലി.
ഒരാള്‍ക്ക് പുസ്തകം എഴുതുന്നതിനുള്ള അവകാശത്തെ കുറിച്ചല്ല, മറിച്ച് പുസ്തകത്തിന്റെ ഉള്ളടക്കമാണ് ഇവിടെ വിഷയമായത്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ എഴുതാനോ വ്യക്തിപരമായ വീക്ഷണങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനോ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അനുവദിക്കില്ല, ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞു.
സര്‍ദാര്‍ പട്ടേലിനെ വിമര്‍ശിച്ചുകൊണ്ടുള്ള രചന പാര്‍ട്ടി അംഗീകരിക്കില്ല. അത് പ്രത്യയശാസ്ത്രപരമായ വിയോജിപ്പാണ് എന്നു പറഞ്ഞ ജയ്‌റ്റ്ലി പക്ഷേ സിംഗുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല എന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ പാര്‍ലമെന്ററി ബോര്‍ഡിന് പാര്‍ട്ടി ഭരണഘടന എല്ലാ അധികാരങ്ങളും നല്‍കുന്നുണ്ട്, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെ ജസ്വന്തിനെ പുറത്താക്കിയ പാര്‍ട്ടി നടപടിയെ ന്യായീകരിച്ചുകൊണ്ട് ജയ്റ്റ്ലി പറഞ്ഞു.
അദ്വാനിയുടെയും ജസ്വന്ത് സിംഗിന്റെയും ‘ജിന്ന’ പരാമര്‍ശങ്ങളില്‍ വ്യത്യാസമുണ്ട്. 2005ല്‍ പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍, ജിന്ന നടത്തിയ ഒരു പ്രസംഗത്തെ കുറിച്ച് പരാമര്‍ശിക്കുക മാത്രമാണ് അദ്വാനി ചെയ്തത്. എന്നാല്‍, ജിന്നയെ ഇന്ത്യ പൈശാചികവല്‍ക്കരിച്ചു എന്നും ഇന്ത്യന്‍ മുസ്ലീങ്ങള്‍ വിദേശികളെ പോലെയാണ് എന്നും അഭിപ്രായപ്പെടുന്നതും സര്‍ദാര്‍ പട്ടേലിന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നതും ബിജെപിയുടെ പ്രമാണങ്ങള്‍ക്ക് എതിരാണ്, ജയ്റ്റ്ലി പറഞ്ഞു.