കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ഹൈദരാബാദില്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. ഇതെകുറിച്ച് ആശങ്ക പുലര്‍ത്തേണ്ട കാര്യമില്ല എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പ്രത്യേക ഭീഷണിയൊന്നും ലഭിച്ചിട്ടില്ല. പോരാത്തതിന്, എല്ലാ കളിക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി സംസ്ഥാന പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു, ചിദംബരം പറഞ്ഞു.
നേരത്തെ, ആന്ധ്ര പൊലീസും ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പ്രത്യേക ഭീഷണി ലഭിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 10-16 വരെയാണ് ലോക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടക്കുക.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഹൈദരാബാദ്, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ ലഷ്കര്‍-ഇ-തൊയ്ബ ആക്രമണം നടത്തിയേക്കാമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും ഭീകര ലക്‍ഷ്യമാണെന്ന റിപ്പോര്‍ട്ട് പ്രചരിക്കുകയായിരുന്നു.