സ്വവര്‍ഗ രതിയെ നിയമ വിരുദ്ധമായി കാണുന്ന 377 ആം വകുപ്പ് ദുരുപയോഗം ചെയ്യരുതെന്ന് കേന്ദ്ര നിയമ മന്ത്രി എം വീരപ്പമൊയ്‌ലി. നിയമത്തെ ചൂഷണം നടത്താനുള്ള ഉപകരണമായി മാറ്റാന്‍ അനുവദിക്കരുത് എന്നും മന്ത്രി പറഞ്ഞു.
സ്വവര്‍ഗ രതിക്കെതിരെയുള്ള നിയമം ഭൂതകാലത്ത് ദുര്‍വിനിയോഗം ചെയ്തിരുന്നു. ഭാവിയിലും ദുര്‍വിനിയോഗം ചെയ്തേക്കാം. ചൂഷണം ചെയ്യാനോ ശല്യപ്പെടുത്താനോ ഉള്ള ഉപകരണമായോ അധികൃതര്‍ക്ക് ദുരുപയോഗം ചെയ്യാനായോ ഒരു നിയമവും ഉപയോഗിക്കപ്പെടരുത്.
സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലെന്നുള്ള ഡല്‍ഹി ഹൈക്കൊടതി വിധിയെ മന്ത്രി പ്രകീര്‍ത്തിച്ചു. കഠിനമായ വിഷയമാണെങ്കില്‍ പോലും നല്ലൊരു വിധിയാണ് ഡല്‍ഹി ഹൈക്കോടതി പ്രസ്താവിച്ചത് എന്ന് മൊയ്‌ലി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.
സ്വാതന്ത്ര്യം, സ്വകാര്യത എന്നിവ സംബന്ധിച്ച ഭരണഘടനാ പരമായ അവകാശങ്ങളെ കുറിച്ചുള്ള പ്രാധാന്യമര്‍ഹിക്കുന്ന വിഷയമായതിനാലാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാത്തത്. ബ്രിട്ടീഷ് ഭരണകാലത്തെ പല നിയമങ്ങളും കാലഹരണപ്പെട്ടതാണെന്നും മൊയ്‌ലി അഭിപ്രായപ്പെട്ടു.