മതവിദ്വേഷപരമായ പ്രസംഗം നടത്തിയതിന് പിലിബിറ്റ് എം പി വരുണ്‍ ഗാന്ധിക്കെതിരെ പൊലീസ് ബുധനാഴ്ച കുറ്റപത്രം ഫയല്‍ ചെയ്തു. പിലിബിറ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം ഫയല്‍ ചെയ്തത്.
ബുധനാഴ്ച ഉച്ചയോടെയാണ് കുറ്റപത്രം ഫയല്‍ ചെയ്തത്. ബര്‍ഖേര പൊലീസ് സ്റ്റേഷനില്‍, 153 (എ) (മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുക), ജനപ്രാതിനിധ്യ നിയമത്തിന്റെ 125 ആം വകുപ്പ്, ഐപിസി എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലാണ് കുറ്റപത്രം.
മതവിദ്വേഷപരമായ പ്രസംഗം നടത്തിയതിന് യു പി പൊലീസ് മാര്‍ച്ച് 29 ന് വരുണിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
ജൂലൈ മൂന്നിന് ആണ് വരുണിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പിലിബിറ്റ് പൊലീസിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. മതവിദ്വേഷപരമായ പ്രസംഗം നടത്തിയതിന് വരുണിനെതിരെ മൂന്ന് ക്രിമിനല്‍ കേസുകളാണ് എടുത്തിരിക്കുന്നത്.
മാര്‍ച്ച് ഏഴിന് പിലിബിറ്റിലെ ദേശ് നഗറിലും മാര്‍ച്ച് എട്ടിന് ബര്‍ഖേരയിലും മുസ്ലീം വിരുദ്ധ പ്രസംഗം നടത്തി എന്നതാണ് വരുണിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. |