മണ്‍സൂണ്‍ മഴ സാധാരണ പോലെ ലഭിച്ചില്ലെങ്കിലും രാജ്യത്ത് ഭക്‍ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍. ഇക്കാര്യത്തില്‍ ആശങ്ക പുലര്‍ത്തേണ്ട കാര്യമില്ല എന്നും പവാര്‍ ശനിയാഴ്ച പറഞ്ഞു.
ഈ മാസം മഴ കുറവാണെങ്കിലും ഓഗസ്റ്റില്‍ രാജ്യത്ത് ഉടനീളം നല്ല മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ഇത് സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന സൂചന നല്‍കുന്നു എന്നും പവാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം 86 ശതമാനവും ഓഗസ്റ്റില്‍ 101 ശതമാനവും മഴ ലഭിക്കുമെന്നാണ് പ്രവചനം.
പ്രവചനം ശരിയായായാല്‍ ഗുരുതരമായ സ്ഥിതി ഗതികളെയൊന്നും അഭിമുഖീകരിക്കേണ്ടി വരില്ല. രാജ്യത്ത് ഇപ്പോള്‍ 30 മാസത്തേക്കുള്ള അരിയും ഗോതമ്പും നീക്കിയിരിപ്പ് ഉണ്ട്, പവാര്‍ പറഞ്ഞു.
ഈ വര്‍ഷം ഗോതമ്പും അരിയും കയറ്റി അയച്ച് ഇന്ത്യ 18 വികസ്വര രാജ്യങ്ങളെ സഹായിച്ചു. എത്രതന്നെ പ്രതികൂല സാഹചര്യമായാലും ഇന്ത്യയില്‍ ഇത്തരമൊരു അവസ്ഥ സംജാതമാവില്ല എന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ ഗോഡൌണുകളുടെ അഭാവം സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുന്നു. കാര്‍ഷിക മേഖലയില്‍ നിന്ന് ഗോഡൌണുകള്‍ വാടകയ്ക്ക് എടുത്ത് സംഭരണ പ്രശ്നം പരിഹരിക്കാന്‍ ആലോചിക്കുന്നു എന്നും പവാര്‍ വെളിപ്പെടുത്തി. |