അഫ്ഗാനിസ്ഥാനിലെ ഒരു ഇന്ത്യന്‍ നിര്‍മ്മാണ കമ്പനിക്ക് നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാനിലെ ‘ഡോണ്‍’ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന്‍ ആക്രമണത്തില്‍ 20 പേര്‍ക്ക് പരുക്ക് പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച രാത്രി പകിത പ്രദേശത്ത് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം അഫ്ഗാനിലെ താലിബാന്‍ ഏറ്റെടുത്തതായും വാര്‍ത്താ ചാനല്‍ പറയുന്നു. എന്നാല്‍, സംഭവത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
ഇന്ത്യക്കാരും അഫ്ഗാനികളും ആഫ്രിക്കക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്ന് താലിബാന്‍ വക്താവിനെ ഉദ്ധരിച്ചു കൊണ്ട് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, കൊല്ലപ്പെട്ടതില്‍ ആറ് ഇന്ത്യക്കാരും 10 താലിബാന്‍കാരും ഉള്‍പ്പെടുന്നു എന്നാണ് പൊലീസ് ഭാഷ്യം.
അമേരിക്കന്‍ കമ്പനിയുടെ ഉപവിഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കമ്പനിയാണ് ആക്രമിച്ചതെന്ന് താലിബാന്‍ അവകാശപ്പെടുന്നു. ഖോസ്റ്റിനും പകിതയ്ക്കും ഇടയില്‍ റോഡ് നിര്‍മ്മാണം നടത്തിക്കൊണ്ടിരുന്ന കമ്പനി ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനത്തിന്റെ കേന്ദ്രം ആയിരുന്നു എന്നും താലിബാന്‍ വക്താവ് പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. |