വാക്കേറ്റത്തെ തുടര്‍ന്ന് ഒരു ജില്ലാ ജഡ്ജിയെ തല്ലിയ നാല് അഭിഭാഷകര്‍ക്ക് ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച കോടതി അലക്‍ഷ്യത്തിന് നോട്ടീസ് നല്‍കി. രണ്ട് ദിവസത്തിനു മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഒരു അഡീഷണല്‍ ജില്ലാ ജഡ്ജിയും നാല് അഭിഭാഷകരും ഉള്‍പ്പെട്ട സംഭവം പ്രഥമദൃഷ്ട്യാ കോടതി അലക്‍ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ് എ പി ഷാ നയിച്ച ബഞ്ച് നിരീക്ഷിച്ചു. മുനിഷ് ചൌഹാന്‍, രേഖ ശര്‍മ്മ, രാജീവ് ടെഹ്‌ലാന്‍, ജയ്പ്രകാശ് എന്നീ അഭിഭാഷകര്‍ക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഓഗസ്റ്റ് നാലിന് കോടതി കേസ് പരിഗണിക്കും. ഇതിനായി മൂന്നംഗ പ്രത്യേക ബഞ്ചിനെയും നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് ചീഫ് ജസ്റ്റിസിന് ജില്ലാ ജഡ്ജി അയച്ച കത്തും കോടതി പരിഗണിച്ചു.
രോഹിണി ജില്ലാ കോടതിയിലെ അഡീഷണല്‍ ജഡ്ജി പങ്കജ് ഗുപ്തയാണ് ജൂലൈ എട്ടിന് കൈയ്യേറ്റത്തിന് ഇരയായത്. വികാസ് ഗുപ്ത, രേഖ ശര്‍മ്മ എന്നീ അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന്, ജഡ്ജിമാര്‍ക്ക് വേണ്ട സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹയര്‍ ജുഡീഷ്യല്‍ സര്‍വീസ് അസോസിയേഷന്‍ രംഗത്ത് എത്തിയിരുന്നു. |