ഉത്തര്‍ പ്രദേശിലെ പ്രതിമ സ്ഥാപിക്കല്‍ വിവാദത്തില്‍ സുപ്രീം കോടതി ഇടപെടാത്തത് മുഖ്യമന്ത്രി മായാവതിക്ക് ആശ്വാസമാകുന്നു. നോയിഡയില്‍ ബി എസ് പി നേതാക്കളുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ സ്റ്റേ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച വിസമ്മതം പ്രകടിപ്പിച്ചു.
പ്രതിമകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതിനാല്‍ സംഭവത്തില്‍ ഇടപെടാനാവില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ നയിച്ച ബഞ്ചാണ് ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്.
രവികാന്ത് എന്ന അഭിഭാഷകനാണ് മായാവതി സര്‍ക്കാര്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതിലൂടെ പൊതു ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നു എന്ന് കാണിച്ച് പരാതി നല്‍കിയത്. പ്രതിമകള്‍ സംബന്ധിച്ച മറ്റ് ഹര്‍ജികള്‍ അലഹബാദ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ പരാതിക്കാരന്‍ അലഹബാദ് ഹൈക്കോടതിയെ ആണ് സമീപിക്കേണ്ടത് എന്നും കോടതി നിര്‍ദ്ദേശിച്ചു.
നോയിഡയില്‍ യമുനാ നദിക്കരയില്‍ നാല് കിലോ മീറ്ററോളം ദൂരത്തില്‍ മതില്‍ കെട്ടി മറച്ച സ്ഥലത്ത് പ്രതിമകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ബി എസ് പി നേതാവ് കാന്‍ഷി റാം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി തുടങ്ങിയ നേതാക്കളുടെ പ്രതിമകളാണ് ഇവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
ലക്നൌവില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതിനെതിരെ രവികാന്ത് നല്‍കിയ ഹര്‍ജിയില്‍ ജൂണ്‍ 29ന് യു പി സര്‍ക്കാരിനെതിരെ സുപ്രീംകോടതി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാല് ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ പ്രതികരണം അറിയിക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. |