എയര്‍ ഇന്ത്യ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കുള്ള പറക്കല്‍ തുടരുകയാണ്. കയറ്റാവുന്നതിലും അധികം യാത്രക്കാരെ കയറ്റി എന്ന പുതിയ വിവാദമാണ് ഇപ്പോള്‍ എയര്‍ ഇന്ത്യക്കെതിരെ ഉയരുന്നത്.
സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തിയ എയര്‍ ഇന്ത്യയുടെ വിവാദ സവാരി മെയ് അഞ്ചിനാണ് നടന്നത്. മുംബൈ-മംഗലാപുരം ഐ സി 179 ഫ്ലൈറ്റിന്റെ വാതില്‍ ഛത്രപതി വിമാനത്താവളത്തില്‍ വച്ച് തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ മംഗലാപുരത്തേക്ക് അയച്ചിരുന്നു. ഇതെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ വിമാനത്തില്‍ നിര്‍ദ്ദിഷ്ട യാത്രക്കാരുടെ എണ്ണത്തില്‍ നിന്ന് മൂന്ന് പേരെ അധികം കയറ്റിയതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് വിവരം ലഭിക്കുകയായിരുന്നു.
ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയുമാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വിമാനത്തില്‍ യാത്ര ചെയ്യാന്‍ അധികൃതര്‍ അനുവദിച്ചത്. സ്ത്രീയെ കോക്‍പിറ്റിലും കുട്ടികളെ അടിയന്തിര ഘട്ടങ്ങളില്‍ വിമാന ജോലിക്കാര്‍ ഉപയോഗിക്കുന്ന സീറ്റിലും ആണ് ഇരുത്തിയത്.
പുതിയ വിമാനങ്ങളില്‍ കോക്‍പിറ്റില്‍ മൂന്ന് സീറ്റുകളാണ് കാബിനില്‍ ഉള്ളത്. രണ്ട് സീറ്റുകള്‍ പൈലറ്റുമാര്‍ക്കും ഒരു സീറ്റ് കോ-പൈലറ്റിനുമാണ് നീക്കി വച്ചിരിക്കുന്നത്. ഇതു കൂടാതെ ഒരു സീറ്റുകൂടി ഉള്ളത് സാധാരണഗതിയില്‍ ഉപയോഗിക്കാറില്ല.
കോക്‍പിറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതും അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട സീറ്റ് കുട്ടികള്‍ക്കായി നീക്കി വച്ചതും ഗുരുതരമായ കൃത്യവിലോപമായിട്ടാണ് ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഓഫീസ് കരുതുന്നത്. വിമാനത്തിലേക്കുള്ള ബോര്‍ഡിംഗ് പാസുകള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാതെ എഴുതി നല്‍കിയതും വിവാദമായിട്ടുണ്ട്. വിമാനത്തില്‍ യാത്ര ചെയ്യുന്ന് ആളുകളുടെ എണ്ണം കൃത്യമായി അറിയിക്കാഞ്ഞതും അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അഞ്ച് എയര്‍ ഇന്ത്യ ജോലിക്കാര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചന. ഇവര്‍ക്കെതിരെ കൃത്യവിലോപത്തിന് തെളിവ് ലഭിച്ചാല്‍ ക്രിമിനല്‍ കുറ്റത്തിനായിരിക്കും കേസെടുക്കുക. |