തെലുങ്ക് ദേശം പാര്‍ട്ടി എം എല്‍ എക്കെതിരെ പീഡനവിവാദം ആരോപിക്കുന്നതിനായി മലയാളികളായ വിദ്യാര്‍ത്ഥിനികള്‍ക്ക് കോണ്‍ഗ്രസ് പണം നല്‍കിയതായി ചന്ദ്രബാബു നായിഡു. അഞ്ച് തൊട്ട് പത്ത് കോടി വരെ പണം നല്‍കിയാണ് മലയാളികളായ വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബാംഗങ്ങളെയും കോണ്‍ഗ്രസ് വാടകയ്ക്ക് എടുത്തതെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.
വെസ്റ്റ് ഗോദാവരിയിലെ നിദഡാവൊലുവിലെ ടിവിആര്‍ നഴ്സിംഗ് നഴ്സിംഗ് കൊളെജില്‍ പഠിച്ചിരുന്ന മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ ടിഡിപി എം എല്‍ എയായ ടി വി രാമറാവു മാനഭംഗപ്പെടുത്തിയെന്നും ഒരു വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയെന്നുമാണ് പരാതി.
ആന്ധ്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ മകന്‍ നടത്തുന്ന സാക്ഷി ടെലിവിഷന്‍ ചാനലാണ് ഈ വാര്‍ത്ത ആദ്യമായി പുറത്ത് വിട്ടത്. നാല് വിദ്യാര്‍ത്ഥിനികളാണ് കുടുംബാംഗങ്ങളോടൊപ്പം ഹൈദരാബാദില്‍ എത്തി, പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തര മന്ത്രി സബിത ഇന്ദിര റെഡ്ഡിയുടെ പ്രത്യേക നിര്‍ദേശപ്രകാരം കേസന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ് വിദ്യാര്‍ഥിനികള്‍ മാനഭംഗത്തിനിരയായതെന്ന് പറയപ്പെടുന്നു.
പാവപ്പെട്ട വീടുകളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിനികളെ പണം നല്‍കി വശത്താക്കി തെലുങ്കുദേശം പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. രാമറാവുവിനെതിരെ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരവും പണവും ഉപയോഗിച്ച് തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണ്. എന്തുവില കൊടുത്തും ഈ നീക്കത്തെ നേരിടുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. |