വര്‍ഗീയകലാപ വേദിയായിരുന്ന ഒറീസയിലെ കാണ്ടമാലില്‍ രണ്ടാഴ്ച കൂടി കേന്ദ്ര സൈന്യത്തെ നില നിര്‍ത്താന്‍ തീരുമാനമായി. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ആവശ്യപ്രകാരമാണിത്.
ബുധനാഴ്ച കേന്ദ്രത്തിന്റെ നാല് കമ്പനി സൈനികരെ കാണ്ടമാലില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പ്രദേശത്ത് വിന്യസിച്ചിരുന്ന അവസാന സൈനികരെയും പിന്‍വലിച്ച നടപടി റദ്ദാക്കണമെന്നും സേനാ പുനര്‍വിന്യാസം നടത്തണമെന്നും നവീന്‍ പട്നായിക് ആവശ്യപ്പെട്ടിരുന്നു. ഇതെതുടര്‍ന്ന്, രണ്ടാഴ്ച കൂടി സൈന്യത്തെ നിലനിര്‍ത്താന്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 ന് വിശ്വഹിന്ദു പരിഷദ് നേതാവ് സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്നാണ് കാണ്ടമാലില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും 25,000 ക്രിസ്ത്യാനികള്‍ വീടുപേക്ഷിച്ചു പോവുകയും ചെയ്തു. ഇപ്പോഴും 1,200 ഓളം പേര്‍ മടങ്ങിപ്പോവാന്‍ ഭയന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 25, 26 തീയതികളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ഒറീസ സന്ദര്‍ശിച്ചിരുന്നു. ചിദംബരത്തിന്റെ സന്ദര്‍ശനത്തിനു ശേഷമാണ് കേന്ദ്ര സേനയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഇതിനിടെ, കാണ്ടമാല്‍ കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ബുധനാഴ്ച ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭാവിയില്‍ വര്‍ഗീയ കലാപം ആവര്‍ത്തിക്കാതിരിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. |