ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഒരു സൌഹാര്‍ദ്ദ റാലി നടത്തുമെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ഓസ്ട്രേലിയന്‍ പാര്‍ലമെന്റംഗങ്ങളുടെ സംഘം.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ജൂലൈ 12 ന് മെല്‍ബണില്‍ സൌഹാര്‍ദ്ദ റാലി നടത്താനാണ് തീരുമാനം എന്ന് ഓസ്ട്രേലിയന്‍ സംഘം വെളിപ്പെടുത്തി. ടിബറ്റന്‍ പ്രവാസ ഭരണകൂടത്തിന്റെ ആസ്ഥാനാമായ ധരംശാലയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ മക്ലിയോഡ്ഗഞ്ചില്‍ വച്ച് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു ഇവര്‍.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണം അപമാനകരവും ഞെട്ടിക്കുന്നതുമാണെന്ന് സംഘത്തലവനും ലേബര്‍ എം പിയുമായ മൈക്കല്‍ ഡാങ്കി അഭിപ്രായപ്പെട്ടു. ഇത്തരം പ്രവര്‍ത്തികള്‍ ഓസ്ട്രേലിയയുടെ രീതി അല്ലെന്നും സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തികളെ തടയാന്‍ ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണെന്നും ഡാങ്കി പറഞ്ഞു.
ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമയെ സന്ദര്‍ശിക്കാനായാണ് ആറംഗ ഓസ്ട്രേലിയന്‍ സംഘം ഇന്ത്യയില്‍ എത്തിയത്. |