മത വിരുദ്ധ പ്രസംഗം നടത്തിയതിന് വരുണ്‍ ഗാന്ധിക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്യാന്‍ പിലിബിറ്റ് മജിസ്ട്രേറ്റിനോട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സംസ്ഥാന നിയമ വകുപ്പ് ഇതിനെ അനുകൂലിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സംസ്ഥാന നിയമവകുപ്പ് വരുണിനെ വിചാരണ ചെയ്യണം എന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത് എന്നും അന്തിമ തീരുമാനം സര്‍ക്കാരിന്റേതായിരിക്കും എന്നുമാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പിലിബിറ്റ് പൊലീസും വരുണിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ അനുവാദം തേടിയിരുന്നു.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബരേഖേര, ലാലോരി ബാഗ് എന്നിവിടങ്ങളില്‍ മാര്‍ച്ച് ഏഴിനു നടത്തിയ പ്രസംഗങ്ങളും മാര്‍ച്ച് എട്ടിന് ദേശ്നഗറില്‍ നടത്തിയ പ്രസംഗവുമാണ് വരുണിനെതിരെ കേസെടുക്കാന്‍ കാരണമായത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ പ്രസംഗം നടത്തി എന്നതാണ് ആരോപണം.
വരുണിന്റെ മതവിദ്വേഷപരമായ പ്രസംഗത്തിനെതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതിയിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന മുസ്ലീം നേതാക്കള്‍ വരുണിനെതിരെ രംഗത്ത് വന്നത് മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു. |