ബാങ്കുമാനേജരെ തല്ലിയ കേസില്‍ ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി എം ജഗന്നാഥ് വ്യാഴാഴ്ച നിരുപാധികം മാപ്പ് പറഞ്ഞു.
ബാങ്കുമാനേജര്‍ രവീന്ദര്‍ റെഡ്ഡിയുമായി വ്യക്തിപരമായി വിദ്വേഷമൊന്നുമില്ല. നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ഇതിനെ കുറിച്ചുള്ള സത്യം പിന്നീടു പുറത്തുവരും. വിവാദങ്ങള്‍ അവസാനിപ്പിക്കാനായി ആഗ്രഹിക്കുന്നു എന്നും സംഭവത്തില്‍ നിരുപാധികം മാപ്പ് പറയുന്നു എന്നും ജഗന്നാഥ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സംഭവത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി വീരപ്പ മൊയ്‌ലിയെയും കാണാനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ജഗന്നാഥ്.
മഹ്ബൂബ്നഗര്‍ ജില്ലയിലെ ഗ്രാമീണ്‍ വികാസ് ബാങ്ക് മാനേജരായ രവീന്ദര്‍ റെഡ്ഡിയെ ജഗന്നാഥ് മര്‍ദ്ദിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍, പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള വായ്പ നല്‍കാത്തതിനെ കുറിച്ച് അന്വേഷിക്കാനാണ് ബാങ്കില്‍ എത്തിയത് എന്നും മാനേജര്‍ പ്രകോപനപരമായി പെരുമാറി എന്നും ജഗന്നാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബാങ്കിലെത്തിയ താന്‍ മാനേജരുടെ തോളില്‍ കയ്യിടാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം പിന്നോട്ട് മാറി എന്നും ആ സമയം തന്റെ കൈയ്യ് മാനേജരുടെ കവിളില്‍ സ്പര്‍ശിക്കാന്‍ ഇടയായി എന്നുമാണ് ജഗന്നാഥ് വിശദീകരിക്കുന്നത്. |