പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള പാര്‍ലമെന്റിന്റെ ആദ്യ ബജറ്റ് സമ്മേളനം വ്യാഴാഴ്ച തുടങ്ങി ഒരുമാസത്തോളം നീളും.
ഭരണകക്ഷിയായ യുപിഎ സഖ്യത്തിന് വ്യക്തമായ പിന്തുണ ഉള്ളതിനാല്‍ ബജറ്റ് സുഗമമായി പാസക്കാന്‍ കഴിയും എന്നാണ് കരുതുന്നത്. എന്നാല്‍, ഈ സെഷനില്‍ ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നത് വാഗ്വാദങ്ങള്‍ക്ക് വഴിവച്ചേക്കാമെന്നാണ് കരുതുന്നത്.
ഒരുമാസം നീളുന്ന സമ്മേളനത്തിന്റെ മുഖ്യ ലക്‍ഷ്യം റയില്‍വെ, പൊതു ബജറ്റുകള്‍ പാസാക്കുക എന്നതാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള വോട്ട് ഓണ്‍ അക്കൌണ്ടിന്റെ കാലാവധി ജൂലൈ 31 ന് അവസാനിക്കുന്നതിനാല്‍ അതിനു മുമ്പ് ബജറ്റ് പാസാക്കേണ്ടതുണ്ട്.
ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനു പുറമെ പശ്ചിമ ബംഗാളിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കവും ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ഉരസലിനു കാരണമായേക്കാം. ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടിയിരുന്നു. ബജറ്റ് സെഷന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പ് നല്‍കുകയും ചെയ്തു. |