ലാലു പ്രസാദ് യാദവ് പിന്തുടര്‍ന്ന തത്കാല്‍ ടിക്കറ്റ് നയത്തില്‍ മമതാബാനര്‍ജി സമൂലമായ മാറ്റം വരുത്തിയേക്കാമെന്ന് സൂചന. തത്കാല്‍ സീറ്റുകള്‍ കുറച്ച് കൂടുതല്‍ ജനറല്‍ സീറ്റുകള്‍ നല്‍കുക എന്നതായിരിക്കും മമതയുടെ ലക്‍ഷ്യമെന്ന് റയില്‍വെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്ന കൂടിയ നിരക്ക് ഈടാക്കുന്ന സീറ്റുകളാണ് തത്കാല്‍ വിഭാഗത്തില്‍ ഉള്ളത്. നേരത്തെ, ഇതിനായി ഒരു കോച്ച് മാത്രമായിരുന്നു മാറ്റിവച്ചിരുന്നത്. എന്നാല്‍, ലാലു പ്രസാദ് യാദവ് റയില്‍വെ മന്ത്രിയായിരിക്കുന്ന കാലയളവില്‍ മിക്ക കോച്ചുകളിലും തല്‍ക്കാല്‍ സീറ്റ് അനുവദിച്ചു. ഇതിലൂടെ, കഴിഞ്ഞ മൂന്ന് വര്‍ഷമായി ആയിരംകോടിയില്‍ അധികം രൂപ റയില്‍വെയ്ക്ക് വരുമാനമുണ്ടാവുകയും ചെയ്തു.
തത്കാല്‍ വരുമാനം കൂട്ടിയതിലൂടെ പാസഞ്ചര്‍ ചരക്ക് കൂലികളില്‍ ഇളവ് വരുത്താനും ലാലുവിന് കഴിഞ്ഞു. എന്നാല്‍, തത്കാല്‍ ബര്‍ത്തുകളുടെ എണ്ണം കൂട്ടിയതും അഞ്ച് ദിവസത്തിനു മുമ്പ് തന്നെ സീറ്റ് റിസര്‍വേഷന്‍ അനുവദിച്ചതുമായ നടപടി മമതാ ബാനര്‍ജി റദ്ദാക്കുമെന്നാണ് സൂചന.
2005-06 കാലഘട്ടത്തില്‍ മൊത്തം തത്കാല്‍ സീറ്റുകളുടെ എണ്ണം വെറും 4000 മാത്രമായിരുന്നു. എന്നാല്‍, ഇത് ഇപ്പോള്‍ ഒരു ലക്ഷത്തോളമായി ഉയര്‍ന്നു. തത്കാല്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനവും ആനുപാതികമായി വര്‍ദ്ധിച്ചിരുന്നു. 2006 ല്‍ 200 കോടി ആയിരുന്ന വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 500 കോടി കവിഞ്ഞു.
വെള്ളിയാഴ്ചയാണ് മമതാ ബാനര്‍ജി റയില്‍വെ ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് ജനകീയവും ലളിതവും ആയിരിക്കും എന്ന് മമതബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
|