പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോളിന് നാലുരൂപയും ഡീസലിന് രണ്ടു രൂപയും കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അതേ സമയം മണ്ണെണ്ണയുടെയും പ്രകൃതിവാതകത്തിന്‍റെയും വില വര്‍ദ്ധിപ്പിച്ചിട്ടില്ല.
താല്‍കാലികമായാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനയെന്ന് പെട്രോളിയം മന്ത്രി മുരളി ദിയോറ അറിയിച്ചു. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി മുരളി ദിയോറ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് വിലവര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീണ്ടും വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 70 ഡോളറാണ് ഇപ്പോള്‍ എണ്ണവില.
എണ്ണവില രാജ്യാന്തരവിപണിയില്‍ കൂടി വരുന്ന സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്നത് പ്രതീക്ഷിച്ചിരുന്നതാണ്. |